പത്തനാപുരം: പുന്നല കടശ്ശേരിയില്‍ വീണ്ടും കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. രണ്ട് ആഴ്ചയ്‌ക്കിടെ നാലാം തവണയാണ് കാട്ടാന നാശം വരുത്തുന്നത്. വന ഭൂമി പാട്ടത്തിനെടുത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ക്യഷി ചെയ്തുവന്ന കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. കടശ്ശേരി എലപ്പക്കോട് മൈലവിള വീട്ടില്‍ സഹദേവന്‍, എസ്ബി നിവാസില്‍ വിഷ്ണു, സുജി വിലാസത്തില്‍ വത്സല, നിഷാഭവനില്‍ യശോധരന്‍ തുടങ്ങിയ കര്‍ഷകരുടെ വാഴയടക്കമുളള കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കുലച്ച വാഴകളാണ് നശിപ്പിക്കപ്പെട്ടവയില്‍ അധികവും. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന കടശ്ശേരി മേഖലയില്‍ ബന്ധപ്പെട്ടവര്‍ വേണ്ട സഹായം ഒരുക്കി നല്‍കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.
















