എം.ഡി. ബാബുരഞ്ജിത്ത്
ഓച്ചിറ: ഐതിഹ്യപ്പെരുമയില്‍ വിശ്വാസികള്‍
ക്ക് ഓച്ചിറയിലെ ഒണ്ടിക്കാവ് പരബ്രഹ്മസാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുമിടമാണ്. അതുകൊണ്ട് തന്നെ ഒണ്ടിക്കാവിലെത്തി ഭഗവത്കീര്‍ത്തനങ്ങള്‍ ഉരുവിടാന്‍ ഭക്തരുടെ തള്ളിക്കയറ്റവും സ്വാഭാവികമാണ്. ഇക്കുറിയും അതിന് ഭേദമില്ല. ത്രിമൂര്‍ത്തികളുടെ സമന്വയഭാവമായാണ് ഓംകാരസ്വരൂപനായ പരബ്രഹ്മമൂര്‍ത്തിയെ വ്യാഖ്യാനിക്കുന്നത്.
ഓച്ചിറക്ക് പറയിപെറ്റ പന്തിരുകുലവുമായി ബന്ധമുണ്ട്. ഈ കുലത്തിലെ ചാത്തന് അകവൂര്‍ മനയുമായുള്ള ആശ്രിതബന്ധം ഇവിടുത്തെ ഐതിഹ്യത്തിന് ആധാരമാണ്. അകവൂര്‍ മനയ്‌ക്കലെ നമ്പൂതിരിയോട് അദ്ദേഹം ഉപാസിക്കുന്ന ഈശ്വരന്റെ രൂപം എന്തെന്ന് ചാത്തന്‍ ആരാഞ്ഞു.
ചാത്തന്റെ മഹത്വം അറിയാത്ത നമ്പൂതിരി അത് മാടപ്പോത്തിനേപ്പോലെ’എന്നു കളിയാക്കിപ്പറഞ്ഞു. എന്നാല്‍ ചാത്തന്റെ ഉപാസനാഫലമായി പരബ്രഹ്മം അദ്ദേഹത്തിന് മാടപ്പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. തീര്‍ത്ഥാടനകാലത്ത് ഓച്ചിറയിലെത്തിയ നമ്പൂതിരിക്ക് ഒണ്ടിക്കാവില്‍ വച്ചാണ് ചാത്തന്റെ മഹത്വം മനസ്സിലായത്. ചാത്തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് തങ്ങളുടെ കൂടെയുള്ള മാടപ്പോത്തിനെ നോക്കിയപ്പോള്‍ പരബ്രഹ്മരൂപമാണെന്നു മനസിലായി. എന്നാല്‍ അപ്പോഴേക്കും അത് ഒണ്ടിക്കാവില്‍ അന്തര്‍ധാനം ചെയ്യുകയും ചെയ്തു.
‘ഉണ്ട് ഈ കാവില്‍’ ലോപിച്ചാണ് ഒണ്ടിക്കാവിലായത്. ഇവിടെയാണ് പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ അന്തര്‍ധാനം ചെയ്തത്. മനസിനു കുളിര്‍മയും ശാന്തതയും തരുന്ന തരുലതകള്‍ നിറഞ്ഞ മനോഹരമായ സ്ഥലമാണ് ഒണ്ടിക്കാവ്. ഇവിടെ ആരവങ്ങളില്ല, മറ്റു കോലാഹലങ്ങളില്ല. ഇവിടെ ഭക്തര്‍ അന്തര്‍മുഖരായിരിക്കുന്നു. പടനിലത്തിനു പടിഞ്ഞാറ് വടക്ക് മൂലയിലാണ് ഒണ്ടിക്കാവ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും ഇവിടെ കര്‍പ്പൂര നാളങ്ങള്‍ ആരതിയുഴിയുന്നു. ഭക്തര്‍ ഇവിടെ വലംവെച്ച് നമസ്‌കരിച്ച് ഭഗവത് സാമീപ്യം അറിഞ്ഞ് മടങ്ങിപ്പോകുന്നു. ഒണ്ടിക്കാവില്‍ ഒരിക്കലെത്തുന്നവര്‍ അവിടുത്തെ ശാന്തതയില്‍ ആകൃഷ്ടരായി വീണ്ടും വീണ്ടും എത്താന്‍ ആഗ്രഹിക്കും.
















