തൃശൂര്‍: രാജ്യത്ത് നുഴഞ്ഞുകയറ്റ സാധ്യതയും വിധ്വംസക പ്രവര്‍ത്തനങ്ങളും ഏറെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവരാണ് ആസാം റൈഫിള്‍സ്. കൊടും മഞ്ഞിലും വെയിലിലും രാവും പകലും കാവല്‍ നില്‍ക്കുന്ന ആസാം റൈഫിള്‍സില്‍ ആയിരക്കണക്കിന് മലയാളികളുമുണ്ട്.
സര്‍വ്വീസിലിരിക്കുമ്പോള്‍ എല്ലാ പട്ടാള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും വിരമിച്ച ശേഷം തങ്ങളെ വിമുക്തഭടന്മാരായി പരിഗണിക്കാറില്ല എന്ന് ഇവര്‍ പരാതിപ്പെടുന്നു. പതിറ്റാണ്ടുകളായി ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനും സൈനിക മേധാവികള്‍ക്കും പരാതിയും അപേക്ഷയും നല്‍കുന്നു. എന്നാല്‍ എല്ലാം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്.
നരേന്ദ്രമോദി സര്‍ക്കാരിലാണ് ഇപ്പോള്‍ പ്രതീക്ഷയത്രയും. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയ മോദി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യവും അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആസാം റൈഫിള്‍സ് വിമുക്തഭടന്‍മാര്‍. ആസാം റൈഫിള്‍സില്‍ നിന്ന് വിരമിച്ചവരുടെ ദേശീയ സമ്മേളനം ഇന്ന് തൃശൂരില്‍ ചേരും.
സര്‍വ്വീസിലിരിക്കുമ്പോഴും ഏറെ വിവേചനം നേരിടേണ്ടി വരുന്നതായി ഇവര്‍ക്ക് പരാതിയുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത പ്രദേശത്ത് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് പരമാവധി ഒരു വര്‍ഷം കഴിഞ്ഞാല്‍ ശാന്ത പ്രദേശങ്ങളിലേക്ക് മാറ്റം നല്‍കാറുണ്ട്. എന്നാല്‍ ആസാം റൈഫിള്‍സിലെ ഭടന്‍മാര്‍ സര്‍വ്വീസിലുള്ള കാലം മുഴുവന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ നേരിട്ട് കഴിയേണ്ടി വരുന്നു. എന്നാല്‍ ഈ കനത്ത ജോലിഭാരത്തിനു തുല്യമായ വേതനം ലഭിക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ കാര്യ വകുപ്പിന് കീഴിലായിരുന്നു ആസാം റൈഫിള്‍സ്. ഇപ്പോള്‍ ആഭ്യന്തരവകുപ്പിന് കീഴിലാണ്. എന്നാല്‍ കമാന്റിംഗ് ഓഫീസര്‍മാരായി വരുന്നതാകട്ടെ പ്രതിരോധവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈനിക ഓഫീസര്‍മാരും. ഇതുമൂലം പലപ്പോഴും ഇരട്ട ഭരണം അനുഭവിക്കേണ്ടി വരുന്നു. 60 വയസ്സാണ് വിരമിക്കല്‍ പ്രായം എങ്കിലും സാധാരണഗതിയില്‍ ആരും അത്രയും സര്‍വ്വീസ് പൂര്‍ത്തിയാക്കാറില്ല. കഠിനമായ ജോലി ഭാരം നിമിത്തം സര്‍വ്വീസ് പൂര്‍ത്തിയാകും മുന്‍പേ എല്ലാവരും പിരിയുകയാണ്.
സര്‍വ്വീസിലുള്ളപ്പോള്‍ സൈനിക ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിരമിച്ച ശേഷം സിവിലിയന്‍മാര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. ഇന്ന് തൃശൂരില്‍ നടക്കുന്ന വിമുക്ത ഭട സമ്മേളനത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആസ്സാം റൈഫിള്‍സ് വിമുക്തഭടന്‍മാര്‍ എത്തും.
നേപ്പാളില്‍ നിന്നുള്ളവരും സമ്മേളനത്തിനെത്തുന്നുണ്ട്.
മറ്റെല്ലാ സൈനിക വിഭാഗങ്ങളുടേയും കമാന്റ് ഓഫീസ് ന്യൂദല്‍ഹിയിലായിരിക്കുമ്പോള്‍ ആസ്സാം റൈഫിള്‍സിന്റെ കമാന്റ് ഓഫീസ് മേഘാലയയിലെ ഷില്ലോങിലാണ്. ഇതുമൂലം കേന്ദ്ര സര്‍ക്കാരിന്റെ വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ലഭിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം മോദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും സുബേദാര്‍ വി.ടി നായര്‍ പറഞ്ഞു.
















