ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദിക് നൂഡില്‍സിന് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസയച്ചു. അനുമതിയില്ലാതെ നൂഡില്‍സ് ഉണ്ടാക്കിയെന്നും വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസിലെ നിര്‍ദ്ദേശം. നൂഡില്‍സ് നിര്‍മ്മാതാക്കളായ ആകാശ് യോഗിനും 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് നല്‍കി.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ചാണ് ആട്ട നൂഡില്‍സ് അടക്കമുള്ള എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് പതഞ്ജലി വക്താവ് എസ്.കെ. തിജാരവാല പ്രതികരിച്ചിട്ടുണ്ട്. ഭക്ഷ്യ അതോറിറ്റി പാസ്ത നിര്‍മ്മാണത്തിനായി നല്‍കിയ ലൈസന്‍സ് പതഞ്ജലിക്കുണ്ടെന്നും പാസ്തയുടെ കീഴില്‍ വരുന്ന മറ്റുല്‍പ്പന്നങ്ങളായ നൂഡില്‍സ് അടക്കം ഇതനുസരിച്ചാണ് നിര്‍മ്മിക്കുന്നതെന്നും പതഞ്ജലി വക്താവ് പറഞ്ഞു. പാസ്ത നിര്‍മ്മിക്കാനുപയോഗിക്കുന്ന അതേ വസ്തുക്കള്‍ വച്ചുതന്നെയാണ് പതഞ്ജലി ആട്ടാ നൂഡില്‍സും നിര്‍മ്മിക്കുന്നതെന്നാണ് പതഞ്ജലിയുടെ വാദം.
എന്നാല്‍ പാസ്തയുടെ ലൈസന്‍സ് നൂഡില്‍സ് നിര്‍മ്മിക്കുന്നതിന് മതിയാകില്ലെന്നും വേറേ ലൈസന്‍സ് എടുക്കണമെന്നുമാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിലപാട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പതഞ്ജലിയുടെ ആട്ടാ നൂഡില്‍സ് വിപണിയിലെത്തിയത്. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ട് മാഗിയുടെ നൂഡില്‍സ് വിപണിയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പതഞ്ജലിയുടെ വലിയ വിലക്കുറവിലുള്ള ആട്ട നൂഡില്‍സുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്.
















