കാസര്‍കോട്: കാസര് കോട് നഗരസഭയിലെ ശോചനീയാവസ്ഥയിലായ ആധുനിക മത്സ്യമാര്‍ക്കറ്റ് ബിജെപി കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാന സൗകര്യമൊരുക്കാതെ യുഡിഎഫ് തിരക്കിട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ് കസബ കടപ്പുറത്തെ ആധുനിക മത്സ്യമാര്‍ക്കറ്റ്. മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി പറഞ്ഞിരുന്നു. കച്ചവടക്കാര്‍ക്ക് നിന്ന് തിരിയാന്‍ സൗകര്യമോ, വായു സഞ്ചാരത്തിനാവശ്യമായ വെ ന്റിലേറ്റര്‍ സൗകര്യമോ മാര്ക്കറ്റിലില്ലെന്ന് നഗരസഭാ കൗണ്‍സിലര്‍ പി.രമേശിന്റെ നേതൃത്വത്തിലെത്തിയ സംഘത്തോട് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു. സ്ത്രീകളായ മത്സ്യ തൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്കാവശ്യമായ സൗകര്യമൊന്നും മാര്ക്കറ്റിലില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതിനോടകം നിരവധി തൊഴിലാളികള്‍ക്ക് മണിക്കൂറുകളോളം നിന്ന് കച്ചവടം ചെയ്യേണ്ടി വരുന്നതിനാല്‍ കാലുകളില്‍ നീര് വന്നും മലിന ജലത്തില്‍ നിന്നുള്ള രോഗവും കാരണം ചികിത്സ തേടിയിട്ടുണ്ട്. അസൗകര്യങ്ങളുടെ അപര്യാപ്തത കാരണം മത്സ്യ വിപണനം സുഗമമായി നടത്താന്‍ കഴിയുന്നില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു. മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകി പോകുവാനാവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തതയും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു.
നഗരസഭയിലെ ഏക ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും മത്സ്യ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും വരെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന സമിതിയംഗവും നഗരസഭാ പ്രതിപക്ഷ നേതാവുമായ പി.രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: