കാസര്‍കോട്: മഞ്ചേശ്വരം ചെക്കുപോസ്റ്റ് പരിസരത്ത് ഗതാഗതകുരുക്കും അപകടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് പ്രശ്ന പരിഹാരത്തിന് നടത്തിയ ഉദ്യോഗസ്ഥരുടെയും സമരസമിതി പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പഠനത്തിന് സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സംയോജിത ചെക്ക് പോസ്റ്റ് സ്ഥാപിക്കാന്‍ മഞ്ചേശ്വരത്ത് 9.33 ഏക്കര്‍ സ്ഥലം ലഭ്യമാക്കി. നാറ്റ്പാക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ സംയോജിത ചെക്ക് പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അതുവരെ ഈ മേഖലയിലെ ഗതാഗതപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഹ്രസ്വകാല നടപടികള്‍ സ്വീകരിക്കും.
റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. വാണിജ്യനികുതി ഔട്ട് ചെക്ക്് പോസ്റ്റ് തലപാടി ഭാഗത്തേക്ക് 500 മീറ്റര്‍ മാറ്റാനുള്ള നിര്‍ദ്ദേശം പരിശോധിക്കും. എക്സൈസ് ചെക്ക്പോസ്റ്റ് നൂറുമീറ്റര്‍ മാറ്റി സ്ഥാപിക്കും. ചെക്ക് പോസ്റ്റിലെ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപണി നടത്തും. അനധികൃതപെട്ടികക്കടകള് ഒഴിപ്പിക്കും. വാഹനപാര്‍ക്കിങ്ങിന് രണ്ടേക്കര്‍ സ്ഥലം അനുവദിക്കും. വാഹനപരിശോധനയ്ക്ക് ടോക്കണ്‍ സിസ്റ്റം നടപ്പാക്കും.
ചെക്ക് പോസ്റ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാദേശിക പഠനം നടത്താന്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ കണ്‍വീനറായി സമിതി രൂപീകരിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ദേശീയപാത വിഭാഗം അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മഞ്ചേശ്വരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മഞ്ചേശ്വരം പോലീസ് സബ് ഇന്‍സ്പെക്ടര്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍, വാണിജ്യനികുതി വകുപ്പ് മാനേജര്‍ സമരസമിതി പ്രതിനിധികളായ സി എഫ് ഇഖ്ബാല്‍, വിജയറായ്, ബ്ലോക്ക് പഞ്ചായത്ത്അംഗം കെ.ആര് ജയാനന്ദ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: