ക്വാലാലമ്പൂര്‍: നാലുദിവസത്തെ മലേഷ്യ, സിംഗപൂര്‍ സന്ദര്‍ശനത്തിനായി ക്വാലാലമ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ്. പുലര്‍ച്ചെ 4.15ന് പ്രത്യേക വിമാനത്തിലാണ് മോദി കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ്. തിരുമൂര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു.
മലേഷ്യയിലെ ഭാരതിയര്‍ മോദിക്ക് വന്‍വരവേല്‍പ്പാണ് നല്‍കിയത്. എയര്‍പോര്‍ട്ടിനു പുറത്തും മോദി താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിനു പുറത്തും ഒട്ടേറെ ഭാരതീയര്‍ എത്തിയിരുന്നു. മലേഷ്യയില്‍ മൂന്നു ദിവസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സിംഗപൂരിലേക്കു പോകും. സിംഗപൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സന്ദര്‍ശനം.
ഇന്നു ആരംഭിക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഐഎസിനെതിരേ ആഗോലതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചാ വിഷയങ്ങളാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. ദക്ഷിണ ചൈനാസമുദ്രമേഖല സംബന്ധിച്ച തര്‍ക്കമാണ് മറ്റൊരു വിഷയം. ഉച്ചകോടിക്ക് നേരേ ഭീകരാക്രമണമുണ്ടാവാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വന്‍സുരക്ഷയാണ് മലേഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
4,500 സുരക്ഷാ സൈനികരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍ത്തിയിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ പത്ത് ചാവേറുകള്‍ ക്വാലാലമ്പൂരിലെത്തിയെന്ന് പോലീസ് അറിയിച്ചു.
















