ന്യൂദല്‍ഹി: 1995 മുതല്‍ രാജ്യത്തെ ആകാശവാണി, ദൂരദര്ശന് നിലയങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് ഉയര്‍ന്ന തസ്തികകളില്‍ ബഹുഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കാനിടയാക്കിയ, പ്രൊമോഷന് തര്‍ക്കത്തിനു സെന്‍ട്രല്‍ അഡ്മിനിസ്ടേറ്റീവ് ട്രിബൂണലിന്റെ ദല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ച് തീര്‍പ്പ് കല്പ്പിച്ചു.
അസിസന്റ് ഡയറക്ടര്‍മാരുടെ 2000 ഏപ്രില്‍ ഒന്നുവരെയുള്ള ഒഴിവുകളിലേക്ക് യുപിഎസ്സിയും അതിനുശേഷമുള്ള ഒഴിവുകളിലേക്ക് പ്രസാര്‍ഭാരതിയും ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മറ്റി (ഡിപിസി) വിളിച്ചുകൂട്ടി ഉേദ്യാഗക്കയറ്റം നല്കാന് ജസ്റ്റിസ് ബി.പി. കടകായ്, കെ.എന്‍. ശ്രീവാസ്തവ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. പ്രമോഷന് ലിസ്റ്റ് തയ്യാറാക്കി, നിയമന ഉത്തരവുകള്‍ നല്കി, നാലുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
പ്രോഗ്രാം എക്സിക്യൂട്ടീവുമാരില് നിന്ന് ഉയര്‍ന്ന തസ്തികകളിലേക്ക്, നാലുമാസത്തിനകം ഡിപിസി വിളിച്ചുകൂട്ടി പ്രൊമോഷന് നല്‍കണമെന്ന് 2002ല്‍ ഇതേ ട്രിബൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് 13 വര്‍ഷമായിട്ടും നടപ്പിലാക്കാത്തതിനെതിരെ ആകാശവാണി, ദൂരദര്ശന് പ്രോഗ്രാം സ്റ്റാഫ് അസ്സോസിയേഷന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിയിലാണ് സുപ്രധാന ഉത്തരവ്. പ്രസാര്‍ഭാരതി നിയമത്തില്‍ വരുത്തിയ ഭേദഗതിയെത്തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ്, കേന്ദ്ര സെക്രട്ടറിയേറ്റ് തുടങ്ങിയ കേന്ദ്ര സര്‍വ്വീസുകളില്‍ നിന്ന് നിയമിക്കപ്പെട്ടവരൊഴികെയുള്ള എല്ലാ വിഭാഗം ജീവനക്കാരെയും 2000 ഏപ്രില്‍ 1 മുതല്‍ ഡീംഡ് ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ പ്രസാര്‍ഭാരതിയിലേക്ക് മാറ്റിയിരുന്നു.
ഇത് കണക്കിലെടുത്താണ് അതിനു മുന്‍പ് വരെയുള്ള പ്രൊമോഷന് നടപടികള്‍ യുപിഎസ്സിയും ശേഷമുള്ള വര്‍ഷങ്ങളിലേത് പ്രസാര്‍ഭാരതിയും നടത്തണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ദല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ച് ഉത്തരവിട്ടത്. ആകാശവാണി, ദൂരദര്ശന് പ്രോഗ്രാം സ്റ്റാഫ് അസ്സോസിയേഷന് പ്രസിഡന്റ് ആര്. ശ്രീനിവാസന് നേരിട്ട് ഹാജരായാണു കേസ് വാദിച്ചത്. 21 വര്‍ഷമായി സ്ഥിരം പ്രൊമോഷന് നടത്താനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇന്ത്യയിലെ മിക്ക ആകാശവാണി, ദൂരദര്ശന് നിലയങ്ങളിലും വര്‍ഷങ്ങളായി തലപ്പത്ത് ആരുമില്ല.
സ്വകാര്യ റേഡിയോ, ടെലിവിഷന്‍ ചാനലുകളുമായി കടുത്ത മത്സരം നടക്കുമ്പോഴാണ് ഈ ദുരവസ്ഥ. അസിസ്റ്റന്റ് ഡയറകര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, അഡീ. ഡയറക്ടര്‍ ജനറല്‍ എന്നീ ഉയര്‍ന്ന തസ്തകകളിലെ 1034 ഒഴിവുകളില്‍ താല്‍ക്കാലിക ചുമതല നല്‍കിയവരുള്‍പ്പെടെ 189 പേര് മാത്രമാണു ഇപ്പോഴുള്ളത്.
449 അസിസ്റ്റ്ന്റ് ഡയറ്കര്മാരുടെ ഒഴിവുകളില്‍ സ്ഥിരം നിയമനം ലഭിച്ച ഒരാള്‍ പോലുമില്ല. ഇവിടെ 126 പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. 395 ഡയറക്റ്റര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ 36 പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്കിയപ്പോള്, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ 160 ഒഴിവുകളില്‍ മൂന്നു പേര് മാത്രമാണുള്ളത്. ഇവിടെ 11 പേര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്.14 അഡീ. ഡയറക്ടര്‍ ജനറല്‍മാരുടെ ഒഴിവുകളില്‍ മറ്റ് സര്‍വ്വീസുകളില്‍ നിന്ന് നിയമിക്കപ്പെട്ടവരുള്‍പ്പെടെ 14 പേരാണു ഇപ്പോഴുള്ളത്.
പ്രോഗ്രാം എക്സിക്യൂട്ടീവ്മാരായി യു.പി.എസ്.സി നേരിട്ട് നിയമിക്കുന്നവര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍മാരായി പ്രമോഷന് ലഭിക്കാനുള്ള അര്‍ഹത മൂന്നു വര്‍ഷത്തെ സര്‍വ്വീസാണ്.1984മുതല്‍ നിയമിക്കപ്പെട്ടവര്‍ക്ക് ഇതുവരെയും ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥിരം പ്രൊമോഷന് നല്കിയിട്ടില്ലാത്തതു കാരണം ആകാശവാണിയിലും ദൂരദര്‍ശനിലും ഏറെക്കാലമായി അസാധാരണമായ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ബഞ്ചിന്റെ പുതിയ ഉത്തരവ് വിവിധ സര്‍വ്വീസ് സംഘടനകള്‍ സ്വാഗതം ചെയ്തു. അത് എത്രയും വേഗം നടപ്പിലാക്കണമെന്ന് ആകാശവാണി, ദൂരദര്ശന് പ്രോഗ്രാം സ്റ്റാഫ് അസ്സോസിയേഷന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിക്ക് നല്കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
















