കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് ലീഗ് വിമതനായി ഫോര്‍ട്ട് റോഡില്‍ നിന്നും മത്സരിച്ച് വിജയിച്ച റാഷിദ് പൂരണത്തിന്റെ വോട്ട് വാങ്ങി ബീഫാത്തിമ ചെയര്‍പേഴ്സണാ യും, എല്‍.എ.മഹമൂദ് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ലീഗിന് നിലവില്‍ നഗരസഭയില്‍ 20 അംഗങ്ങളാണ് ഉള്ളത്. വിമതന് കൂടി വോട്ട് ചെയ്തപ്പോള്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ ബീഫാത്തിമയ്ക്കും, മഹമൂദിനും 21 വോട്ടുകള്‍ വീതം കിട്ടി. ലീഗ് നഗരസഭാ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടി മത്സരിപ്പിച്ച മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കൂടിയായ അബ്ബാസ് ബീഗത്തെ തോല്‍പ്പിച്ച മുഹമ്മദ് ഹാരിസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഎം അംഗം ദിനേശനും അടുക്കത്ത്ബയലില്‍ നിന്നും വിജയിച്ച ഹനീഫയും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.
ബിജെപിയിലെ കെ.സവിത ടീച്ചര്‍ക്ക് 14 വോട്ട് ലഭിച്ചു. നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ ലീഗ് വിമതന്റെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം മുസിംലീഗ് നേതാക്കള്‍ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു. വിജയിക്കാനാവശ്യമായ ഭൂരിപക്ഷം നഗരസഭയില്‍ ലീഗിനുണ്ടായിരുന്നു. ബീഫാത്തിമയുടെ പേര് എല്‍.എ മഹമൂദ് ഹാജിയാണ് നിര്‍ദ്ദേശിച്ചത്. കെ. എംഅബ്ദുല്‍ റഹ്മാന് പിന്താങ്ങി. ബിജെപി ചെയര്‍മാ ന് സ്ഥാനാര്‍ത്ഥി കെ. സവിത ടീച്ചറുടെ പേര് ശ്രീലത ടീച്ചര്‍ നിര്‍ദ്ദേശിച്ചു. സന്ധ്യാഷെട്ടി പിന്താങ്ങി. വിമതരെ ലീഗ് അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണ് റാഷിദിന്റെ വോട്ട് വാങ്ങിയതിന്റെ പിന്നിലെന്ന് ഒരു വിഭാഗം ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. വിമത വോട്ട് വേണ്ടെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ അബ്ബാസ് ബീഗമടക്കമുള്ളവര് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങല്‍ ശരിയാണെന്ന് തെളിയുകയാണ്. ലീഗിലെ ചില നേതാക്കള്‍ തന്നെയാണ് വിമതരെ സഹായത്തോടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചതെന്ന് അബ്ബാസ് തുറന്നടിച്ചിരുന്നു. ഇവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്ന ലീഗ് നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ് വിമതന്റെ വോട്ട്. ഇത് ലീഗില്‍ വരും ദിവസങ്ങളിലുണ്ടായേക്കാവുന്ന വന്‍ പൊട്ടിത്തെറികള്‍ക്കുള്ള വെടിമരുന്നാകുമോയെന്ന ഭയത്തിലാണ് ജില്ലയിലെ മുതിര്‍ന്ന ലീഗ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: