ചെങ്കള: ചെങ്കളയില്‍ പഞ്ചായത്തിലെ പ്രസിഡന്റ് പദവിയെ ചൊല്ലി മുസ്ലിം ലീഗ് വനിതാ അംഗം രാജിവെച്ചു. 13 ാം വാര്‍ഡായ ചെങ്കള വെസ്റ്റില്‍ നിന്നും വിജയിച്ച സറീന ബഷീറാണ് പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാണിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ലീഗ് മണ്ഡലം സെക്രട്ടറി എ.എ.ജലീല്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സറീനയ്ക്ക് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പ്രസിഡന്റ് പദവി വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 14ന് മണ്ഡലം കമ്മറ്റി യോഗത്തിന് മുമ്പ് ചില നേതാക്കള്‍ ഏകപക്ഷീയമായി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആരാകണമെന്ന് നിശ്ചയിച്ചിരുന്നുവെന്ന് സറീന പറഞ്ഞു. ചെങ്കളയില്‍ മുസ്ലിം ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകനായ കോട്ടൂര്‍ മുഹമ്മദിന്റെ മകന് കോട്ടൂര്‍ ബഷീറിന്റെ ഭാര്യയാണ് സറീന. പാര്‍ട്ടിക്കുവേണ്ടി തന്റെ കുടുംബം സഹിച്ച ത്യാഗങ്ങള്‍പോലും പരിഗണിക്കാതെ മക്കള്‍ രാഷ്ട്രീയം കൊടികുത്തി വാഴുന്ന ചെങ്കളയില്‍ ജനാധിപത്യ രീതിയില്‍ മുസ്ലിം ലീഗിനകത്ത് പ്രസിഡന്റിനെ തീരുമാനിക്കാതെ രഹസ്യ അജണ്ട നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സറീന കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഇതിന് പദവിയോ മറ്റോ വേണ്ടെന്നുമാണ് മുസ്ലിം ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകനായ കോട്ടൂര്‍ മുഹമ്മദ് തന്നെ ലീഗ് നേതാക്കളോട് പറഞ്ഞിരിക്കുന്നത്. ഇന്ന് നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹാജരാകില്ലെന്നും ഉടന്‍ തന്നെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുമെന്ന് സറീന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: