കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ പ്രധാന പ്രശ്നമായ മാലിന്യനിര്‍മാര്‍ജനത്തിന് പ്രഥമ പരിഗണന നല്കി മാവുങ്കാല്‍ ആനന്ദാശ്രമം സ്വാമി മുക്താനന്ദയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ പറഞ്ഞു. ആശ്രമത്തിലെത്തിയ തന്നോട് റയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതും വരുന്നതുമായ യാത്രക്കാര്‍ക്ക് മൂക്കുപൊത്തിയല്ലാതെ നടക്കാന്‍ പറ്റുന്നില്ലെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. ആശ്രമത്തിലേക്കെത്തുന്ന ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്നത് തീവണ്ടി മാര്‍ഗമാണ്. ശുചിത്വ പദ്ധതിയായിരിക്കും ആദ്യം നടപ്പിലാക്കുക. കേന്ദ്രപദ്ധതികള്‍ നഗരത്തില്‍ നടപ്പിലാക്കും, ചെയര്മാന് പറഞ്ഞു.
ടി.കെ.നാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്ചെയര്‍മാന്‍ എല്‍.സുലൈഖ, കൗണ്‍സിലര്‍മാരായ സി.കെ.വല്സലന്( ബിജെപി), കെ.മുഹമ്മദ് കുഞ്ഞി(ലീഗ്) എം. എം.നാരായണന്( കോണ്‍ഗ്രസ്), മുഹമ്മൂദ് മുറിയനാവി, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ ചെയര്‍മാനൊപ്പം ചടങ്ങില്‍ സംബന്ധിച്ചു. പി.പ്രവീണ്‍കുമാര്‍ ചെയര്മാന് ഉപഹാരം നല്കി. എന്‍.ഗംഗാധരന് സ്വാഗതവും പാക്കം മാധവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: