ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിനായി നിയോഗിച്ച ജസ്റ്റിസ് എ.കെ. മാത്തൂര്‍ കമ്മീഷന്‍ ഇന്ന് കേന്ദ്രധനമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കും. പതിനഞ്ചു ശതമാനം ശമ്പള വര്‍ദ്ധനവിനാണ് കമ്മീഷന്‍ ശുപാര്‍ശയെന്നാണ് സൂചന. ഇന്ന് രാവിലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തുന്ന ജസ്റ്റിസ് മാത്തൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറും. 2016 ജനുവരി 1മുതല്‍ ശമ്പള വര്‍ദ്ധനവ് നിലവില്‍ വരും.
2014 ഫെബ്രുവരിയിലാണ് കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. എല്ലാ പത്തുവര്‍ഷവും കൂടുമ്പോള്‍ ശമ്പള പരിഷ്‌ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ കമ്മീഷനെ രൂപീകരിക്കാറുണ്ട്. ആഗസ്തില്‍ കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കിയിരുന്നു. രാജ്യത്തെ 48 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രയോജനകരമാകുന്നത്. കേന്ദ്രം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതോടെ സംസ്ഥാന സര്‍ക്കാരുകളും വര്‍ദ്ധനവ് നടപ്പാക്കാന്‍ നിര്‍ബന്ധിതമാകും.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിവേക് റേ, സാമ്പത്തിക വിദഗ്ധനായ രതിന്‍ റോയ്, കമ്മീഷന്‍ സെക്രട്ടറി മീന അഗര്‍വാള്‍ എന്നിവരായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങള്‍. ആറാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ 2006 ജനുവരി 1മുതലാണ് നടപ്പാക്കിത്തുടങ്ങിയത്. 35 ശതമാനം ഇന്‍ക്രിമെന്റാണ് ആറാം കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.
















