ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ മലയാളി താരം ശ്രീശാന്ത് അടക്കമുള്ള 36 പേര്‍ക്ക് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ശ്രീശാന്തടക്കമുള്ളവര്‍ക്കെതിരേ ചുമത്തിയിരുന്ന കേസുകള്‍ വിചാരണക്കോടതി തള്ളിയതിനെതിരേ ദല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. അടുത്ത തവണ വാദം കേള്‍ക്കുന്ന ഡിസംബര്‍ 16നു മുമ്പ് നോട്ടീസിനു മറുപടി നല്‍കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം ജൂലൈ 25നു ശ്രീശാന്തടക്കമുള്ളവര്‍ക്ക് വിചാരണ കോടതി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ആരോപണവിധേയരായ കളിക്കാര്‍ക്കെതിരേ മക്കോക്കയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞാണ് വിചാരണക്കോടതി കളിക്കാരെ കുറ്റവിമുക്തരാക്കിയത്. ഒത്തുകളി ആരോപണം പുറത്തുവന്നതിനു പിന്നാലെ ഇന്ത്യന്‍ ദേശീയ ടീം അംഗമായിരുന്ന ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ അടക്കമുള്ള കളിക്കാരെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
















