ന്യൂദല്‍ഹി: പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയി ഭാരതത്തില്‍ തിരികെ എത്തിയ ബധിരയും മൂകയുമായ പെണ്‍കുട്ടി ഗീതയുടെ ഡിഎന്‍എ ഫലം പുറത്തു വന്നു. ഗീതയുടെ മാതാപിതാക്കളെന്ന് അവകാശമുന്നയിച്ച് എത്തിയ ലുധിയാനയില്‍ നിന്നുള്ള കുടുംബമല്ല യഥാര്‍ത്ഥ ബന്ധുക്കളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫലം പ്രതികൂലമായതിനാല്‍ ഇപ്പോള്‍ കഴിയുന്ന ഇന്‍ഡോറിലെ ബധിര മൂക വിദ്യാലയത്തില്‍ തന്നെ ഗീത തുടരും. ലുധിയാനയില്‍ നിന്നുള്ള ജനാര്‍ദ്ദനന്‍ മഹാതോയും ഭാര്യ ശാന്തിദേവിയുമാണ് 2005ല്‍ നഷ്ടപ്പെട്ട തങ്ങളുടെ മകള്‍ ഹീരയെയാണ് പാക്കിസ്ഥാനില്‍ നിന്നും ഭാരതം ഏറ്റുവാങ്ങിയ ഗീതയെന്ന് അവകാശ ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനില്‍ വെച്ച് മഹാതോ കുടുംബത്തിന്റെ ഫോട്ടാ കണ്ട് ഗീത മാതാപിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഭാരതത്തിലെത്തി നേരിട്ട് കണ്ടപ്പോള്‍ ഇത് നിഷേധിച്ചിരുന്നു.
ഗീതയെ ഭാരതത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മൊമിന്‍ മാലിക് എന്ന അഭിഭാഷകന്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സ്ംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. 10-12 വയസില്‍ നഷ്ടപ്പെട്ടുപോയ ഗീതയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
















