എവിടെ അയോദ്ധ്യയുണ്ടോ അവിടെ ജന്മഭൂമിയുമുണ്ട്. നാം അതോര്‍മ്മിക്കണം. ജന്മഭൂമി ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനും പുനരുദ്ധരിക്കാനുമാണ്അയോദ്ധ്യയില്‍ ഹിന്ദുക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. ലക്ഷ്യം നേടുംവരെയും നാം ഇതിനു വേണ്ടി നമ്മുടെ ജീവിതം സമര്‍പ്പിക്കണം.
( 1990 ഡിസംബര്‍ ഒന്നിന് ജന്മഭൂമി പത്രമോഫീസ് സന്ദര്‍ശിച്ച് അശോക് സിംഗാള്‍ സന്ദര്‍ശക ഡയറിയില്‍ ഇങ്ങനെ എഴുതി)
ന്യൂദല്‍ഹി: അശോക്‌സിംഗാളിന്റെ 89-ാം ജന്മദിനം വിപുലമായി ആഘോഷിക്കണമെന്ന ആഗ്രഹവുമായി തന്നെ സമീപിച്ച ഗ്രന്ഥകാരന്‍ മഹേഷ് ഭാഗ്ചന്ദ്കയെ തടഞ്ഞുകൊണ്ട് സിംഗാള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. ഒരു സംഘപ്രചാരകന്റെ ജന്മദിനം ആഘോഷിക്കുന്ന കീഴ് വഴക്കം നല്ലതല്ല. എന്നാല്‍ ഒടുവില്‍ സര്‍സംഘചാലകിന്റെ അനുവാദവും വാങ്ങിയെത്തിയ ശേഷമാണ് മഹേഷ് ഭാഗ്ചന്ദ്കയ്‌ക്ക് പരിപാടി നടത്താന്‍ സിംഗാള്‍ അനുമതി നല്‍കിയത്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവതും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ ആ ജന്മദിന പരിപാടിയില്‍ തന്റെ മനോഹരമായ ശബ്ദത്തില്‍ ‘യെ മേരീ മാതൃഭൂമി’ എന്ന ഹിന്ദി ഗണഗീതം അദ്ദേഹം ആലപിച്ചപ്പോള്‍ സദസ് മതിമറന്നു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന സിംഗാളിന്റെ ഗാനങ്ങളും ഗണഗീതങ്ങളും സംഘത്തിന്റെ പരിപാടികളിലെ പതിവ് ആയിരുന്നു.
1942ല്‍ പ്രയാഗിലെ പഠനകാലത്താണ് അശോക് സിംഗാള്‍ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത്. മുന്‍സര്‍സംഘചാലക് ആയിരുന്ന രജുഭയ്യയുടെ സമ്പര്‍ക്കത്തിലാണ് സിംഗാള്‍ ശാഖയിലെത്തുന്നത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് പഠനശേഷം മുഴുവന്‍ സമയ പ്രചാരകായി ഉത്തര്‍പ്രദേശിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍ കാലവും കാണ്‍പൂര്‍ ആസ്ഥാനമായിട്ടായിരുന്നു പ്രവര്‍ത്തനം. അടിയന്തിരാവസ്ഥക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ദല്‍ഹി ആസ്ഥാനമാക്കി പ്രാന്ത പ്രചാരക് എന്ന ചുമതല വഹിച്ച അദ്ദേഹം ഗുരുജിക്ക് ശേഷം രാജ്യത്തെ സന്യാസി സമൂഹങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി 1981ല്‍ ദല്‍ഹിയില്‍ വിരാട ഹിന്ദു സമ്മേളനം സംഘടിപ്പിച്ചു. ഡോ.കര്‍ണ്ണസിംഹിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ മുഖ്യസൂത്രധാരന്‍ അശോക് സിംഗാള്‍ ആയിരുന്നു. തുടര്‍ന്ന് വിഎച്ച്പിയിലേക്ക് നിയോഗം. ധര്‍മ്മ ജാഗരണ്‍, സേവ, മതപരാവര്‍ത്തനം, ഗോരക്ഷാ തുടങ്ങിയ വിവിധ പദ്ധതികളുമായി വിഎച്ച്പിയുടെ ദൗത്യം അദ്ദേഹം വിപുലീകരിച്ചു. ഇതെല്ലാം രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കുന്നതിന് വിഎച്ച്പിയെ പ്രാപ്തമാക്കി. അയോധ്യയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജിനിടെ തലയ്‌ക്കടിയേറ്റ് രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന സിംഗാളിന്റെ ചിത്രം പുറത്തുവന്നത് പ്രക്ഷോഭത്തെ ആളിക്കത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ലക്ഷക്കണക്കിന് രാമഭക്തരെ ആവേശഭരിതരാക്കുന്നതായിരുന്നു.
വിദേശ രാജ്യങ്ങളിലുള്‍പ്പെടെ വിഎച്ച്പിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും സിംഗാള്‍ മുഖ്യപങ്കുവഹിച്ചു. ആരോഗ്യപരമായ വിഷമതകള്‍ക്കിടയിലും ഈ വര്‍ഷം ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ അദ്ദേഹം ഇംഗ്ലണ്ട്, ഹോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വിഎച്ച്പി പരിപാടികള്‍ക്കായി യാത്ര ചെയ്തു. ഹിന്ദു സമൂഹത്തിന്റെ ഏതു പ്രശ്‌നങ്ങള്‍ക്കും ഏറ്റവുമാദ്യം വരുന്ന പ്രതികരണം അശോക് സിംഗാളിന്റേതായിരുന്നു. ശ്ക്തവും അടിയുറച്ചതുമായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ജനതയുടെ ആത്മവശ്വാസം വര്‍ദ്ധിപ്പിച്ചു.
സ്വന്തം അന്ത്യനിമിഷങ്ങള്‍ എപ്രകാരമായിരിക്കണമെന്നതടക്കം ഡയറിയില്‍ കുറിച്ചിട്ട അദ്ദേഹം നവംബര്‍ 25-ാം തീയതി വരെ ദേഹത്യാഗത്തിന് നല്ല സമയമായി കരുതി. ഗംഗാജലം കുടിച്ചുകൊണ്ട് ഗീതാപാരായണം ശ്രവിച്ച് മോക്ഷപദം പൂകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സഹപ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചു. സന്യാസപൂര്‍ണ്ണമായ 9 ദശാബ്ദങ്ങള്‍ നീണ്ട ജീവിതം ഉപേക്ഷിച്ച് അദ്ദേഹം യാത്രയാകുമ്പോള്‍ അശോക് സിംഗാള്‍ മുന്നോട്ടു നയിച്ച വഴിയില്‍ ലക്ഷ്യങ്ങള്‍ ഇനിയും കൈവരിക്കാന്‍ ഏറെയുണ്ട്.
















