വിശ്വഹിന്ദുപരിഷത്തിന്റെ അന്തര്‍ദേശീയ കാര്യാദ്ധ്യക്ഷനായിരുന്ന അശോക് സിംഗാളിന്റെ ദേഹവിയോഗത്തില്‍ ഭാരതീയവിചാരകേന്ദ്രം അഗാധദുഃഖം രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമൂഹിക രാഷ്‌ട്രീയചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ശ്രീരാമജന്മഭൂമി ക്ഷേത്ര വിമോചന പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകനും പ്രേരണാസ്രോതസ്സും അശോക്ജിയായിരുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദം നേടിയശേഷം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി.
ദല്‍ഹി-ഹരിയാന സംസ്ഥാനങ്ങളുടെ പ്രചാരകനായി പ്രവര്‍ത്തിക്കവേ 1980ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയേറ്റെടുത്തു. ധര്‍മ്മജാഗരണം, സേവ, സംസ്‌കൃത പ്രചാരണം, ഗോരക്ഷ തുടങ്ങി നിരവധി വൈവിധ്യപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വഹിന്ദു പരിഷത്ത് ആരംഭം കുറിച്ചത് അശോക്ജിയുടെ കാലത്താണ്. താന്‍ ഏറ്റെടുത്ത മഹത്തായ ദൗത്യത്തിനുവേണ്ടി അന്ത്യനിമിഷം വരെ സമര്‍പ്പണഭാവത്തോടെ പ്രവര്‍ത്തിച്ച അദ്ദേഹം സൃഷ്ടിച്ച മാതൃക രാഷ്‌ട്രസേവകര്‍ക്ക് എന്നും പ്രേരണയും മാര്‍ഗ്ഗദര്‍ശകവുമായിരിക്കും.
ആധുനിക ഭാരതചരിത്രത്തിലെ പൊതുപ്രവര്‍ത്തനരംഗത്തെ ഒരു ഇതിഹാസമായി മാറിയ അശോക് സിംഹല്‍ജിക്ക് ഭാരതീയവിചാരകേന്ദ്രത്തിന്റെ ശ്രദ്ധാഞ്ജലി.
















