വിശ്വഹിന്ദു പരിഷത്ത് എന്നു കേട്ടാല്‍ മനസില്‍ ആദ്യം ഓടിയെത്തുക അശോക് സിംഗാള്‍ എന്ന പേരാകും, മനസില്‍ നിറയുക കുങ്കുമപൊട്ടണിഞ്ഞ അശോക് സിംഗാളിന്റെ മുഖവും. വിശ്വഹിന്ദു പരിഷത്തിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്നു സിംഗാള്‍ജി. ആര്‍എസ്എസ് പ്രചാരകനും പിന്നെ ഹരിയാന, ദല്‍ഹി പ്രാന്തപ്രചാരകനും ആയിരുന്ന അശോക് സിംഗാളിലെ അതുല്യമായ സംഘടനാപാടവം കണ്ടാണ് അദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തിലേക്ക് അയച്ചത്. സംഘടനയ്ക്ക് ശരിക്കും വിശ്വരൂപം നല്കുകതന്നെയായിരുന്നു ദൗത്യം.
1964ല്‍ രൂപം കൊണ്ട സംഘടനയ്ക്ക് കൂടുതല്‍ കരുത്ത് പകരുക, സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു സിംഗാളിന്റെ ദൗത്യം. ജോയിന്റ് സെക്രട്ടറിയായിട്ടാണ് 1980ല്‍ സിംഗാള്‍ ചുമതലയേല്‍ക്കുന്നത്. 84ല്‍ ജനറല്‍ സെക്രട്ടറിയും പിന്നീട് വര്‍ക്കിംഗ് പ്രസിഡന്റുമായി. മൂന്നു പതിറ്റാണ്ടിലേറെയാണ് വിഎച്ച്പിയെ അദ്ദേഹം നയിച്ചത്. അനാരോഗ്യം കാരണം 2011ല്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും മാര്‍ഗദര്‍ശിയായി അദ്ദേഹം തുടര്‍ന്നു. അടിയന്തരാവസ്ഥയ്ക്ക് എതിരെ യുപിയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത് സിംഗാളിന്റെ നേതൃത്വത്തിലായിരുന്നു.
1981 ല്‍ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് വന്‍തോതില്‍ ഹിന്ദുക്കളെ ഇസഌം മതത്തിലേക്ക് മാറ്റിയിരുന്നു. ഭാരതമെമ്പാടും വന്‍വിവാദ കോലാഹലമുണ്ടാക്കിയ സംഭവം. അന്ന് അവിടെയെത്തി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്തു. അവിടെ നിന്നാണ് വിഎച്ച്പിയുടെ ജോയിന്റ് സെക്രട്ടറിയാകുന്നത്. ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും നേരിടേണ്ടിവരുന്ന വിവേചനങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സകലര്‍ക്കും പ്രവേശനമുള്ള ഇരുനൂറിലേറെ ക്ഷേത്രങ്ങളാണ് നിര്‍മ്മിച്ചത്. നിരവധി മതംമാറ്റങ്ങള്‍ തടയാനും ഇതുവഴി കഴിഞ്ഞു.
84ല്‍ ദല്‍ഹിയില്‍ ധര്‍മ്മസംസദ് വിളിച്ചുചേര്‍ത്തത് സിംഗാളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അനവധി സന്യാസിവര്യന്മാരും ആചാര്യന്മാരും പങ്കെടുത്ത ഈ സദസില്‍ വച്ചാണ് രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതല്‍ ശക്തിയോടെ നീങ്ങാന്‍ തീരുമാനമെടുക്കുന്നത്. ഗോരക്ഷാ പ്രക്ഷോഭം ഉടലെടുത്തതും സിംഗാളിന്റെ നേതൃത്വത്തില്‍ തന്നെ. അയിത്തത്തിന് എതിരെയുള്ള പ്രക്ഷോഭം, രാമസേതു ആന്ദോളന്,ഗംഗാ രക്ഷാ ആന്ദോളന് തുടങ്ങി നിരവധി പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തതും അവയ്ക്ക് നായകത്വം നല്കിയതും സിംഗാളാണ്.
ഗ്രാമങ്ങളില്‍ വൈദ്യസേവനമെത്തിക്കുക, യുവാക്കള്‍ക്ക്, പ്രത്യേകിച്ച് പിന്നോക്കക്കാരും ഗ്രാമീണമേഖലകളിലും നൈപുണ്യവികസനപരിശീലനം നല്‍കുക,( ഇന്ന് രാജ്യമൊട്ടാകെ 959 നൈപുണ്യവികസന കേന്ദ്രങ്ങളാണ് വിഎച്ച്പി നടത്തുന്നത്.)വിദൂര ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുക( ഇന്ന് 3266 ഇത്തരം കേന്ദ്രങ്ങളാണ് രാജ്യമൊട്ടാകെ നടത്തുന്നത്.) അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, തുടങ്ങിയവ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് വിഎച്ച്പി ഏറ്റെടുത്ത് നടത്തുന്നത്.ഇന്ന് നിരവധി നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ വിഎച്ച്പി ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: