ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ കടാരി അനുരാധയെ ഒരു സംഘം ഓഫീസില്‍ കയറി വെടിവച്ചും കുത്തിയും കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും തെലുങ്കുദേശം നേതാവുമായ കടാരി മോഹന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. അക്രമികളെ പിടികൂടാനായിട്ടില്ല.
ഉച്ചയോടെ ഒരു സംഘം മേയറുടെ മുറിയില്‍ കയറി മേയര്‍ക്കും ഭര്‍ത്താവിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അവരെ കഠാര കൊണ്ടും ആക്രമിച്ചു. മേയര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടിയേറ്റതിനു പുറമെ, കഠാര കൊണ്ടേറ്റ മുറിവുകളും മരണകാരണമെന്ന് പോലീസ്. ഗുരുതരമായി പരിക്കേറ്റ മോഹനെ ആദ്യം ചിറ്റൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. അക്രമികളെ തടയാന്‍ ഓഫീസ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അക്രമം പൊട്ടിപുറപ്പെടാതിരിക്കാന്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി.
മുതിര്‍ന്ന ടിഡിപി നേതാവായ കടാരി മോഹന്‍ ദശകങ്ങള്‍ക്കു മുന്‍പ് ചിറ്റൂര്‍ എംഎല്‍എയായിരുന്ന സി.കെ. ജയചന്ദ്ര റെഡ്ഡിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ്. ജയചന്ദ്ര റെഡ്ഡി രക്ഷപെട്ടെങ്കിലും, അദ്ദേഹത്തിന്റെ രണ്ട് അനുയായികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍നിന്ന് മോഹന്‍ ടിഡിപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു.
















