ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപദേശകസമിതി ഭാരവാഹികള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍, സ്വര്‍ണപ്പണി കരാറുകാരന്‍ എന്നിവര്‍ക്കുമെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
മുന്‍ ഉപദേശകസമിതി ഭാരവാഹികളായ റിട്ട.ജഡ്ജി വി.കേശവന്‍, എസ്എന്‍എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍, എം.വി. അരവിന്ദാക്ഷന്‍ നായര്‍, കരാറുകാരന്‍ മാന്നാര്‍ സ്വദേശി വെങ്കിടാചലം എന്നിവര്‍ക്കെതിരെയാണ് കേസ്. സ്വര്‍ണക്കൊടിമര നിര്‍മാണത്തിനായി 1,65,00,000 രൂപ ചെലവഴിച്ചതായുള്ള കണക്ക് വ്യാജമാണെന്ന് കാണിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്.
ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് 2013 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സ്വര്‍ണം നല്‍കിയ ജ്വല്ലറിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരസ്വര്‍ണത്തിന്റെ സാമ്പിള്‍ കൊച്ചിയില്‍ എത്തിച്ച് വിശദപരിശോധന നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
















