കാസര്‍കോട്: കുടിവെള്ള പൈപ്പ് പൊട്ടി കാസര്‍കോട് നഗരത്തില്‍ വന്‍ ജലപൂക്കുറ്റി. ഇന്നലെ വൈകുന്നേരമാണ് നുള്ളിപ്പാടി പെട്രോള്‍ പമ്പിന് എതിര്‍വശം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തായി റോഡരികില്‍ പൈപ്പ് പൊട്ടി വന്‍ ജലധാര രൂപപ്പെട്ടത്. അഞ്ചാള് ഉയരത്തില്‍ വെള്ളം ഉയര്‍ന്നു പൊങ്ങിയത് കാണാന്‍ നിരവധി പേര് തടിച്ചുകൂടി. ഏതാണ്ട് അരമണിക്കൂറോളം വെള്ളം ജലധാരയായി തന്നെ നിന്നിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഈ ഭാഗത്തേക്കുള്ള പമ്പിംഗ് നിര്‍ത്തിവെച്ചു. നുള്ളിപ്പാടിയും പരിസരവും ഇതേ തുടര്‍ന്ന് വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി. പൈപ്പ് പൊട്ടിയതിന്റെ തൊട്ടടുത്തു കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിലേക്കാണ് വെള്ളം പ്രവഹിച്ചത്. യഥാസമയം വൈദ്യുതി ബന്ധം വിച്ഛേദിച്ചതു കാരണം വന്‍ അപകടം ഒഴിവായി. ജലധാര കാണാന്‍ വഴിയാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി അതിലെ യാത്രക്കാരും ഇറങ്ങി നിന്നതോടെ ഇവിടെ ഗതാഗതവും സ്തംഭിച്ചു. ജല വിതരണ പെപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് കാസര്‍കോട് നഗരത്തില്‍ പതിവു സംഭവമായി മാറിയിട്ടുണ്ട്.
കാസര്‍കോട് നഗരത്തില്‍ ഇന്നലെ വൈകുന്നേരം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട ജലപൂക്കുറ്റി…..ചിത്രം പകര്‍ത്തിയത് വി.കുമാര്‍ കാസര്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: