കാഞ്ഞങ്ങാട്: കോണ്‍ഗ്രസ്സ് കോടോം ബേളൂര്‍ മണ്ഡലം കമ്മറ്റിയിലും നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പിടിപ്പു കേടാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഇതിന് പുറമെ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ രാജി സന്നദ്ധത അറിയിച്ചുണ്ടെന്നും ഇവര്‍ വാദിക്കുന്നു. കഴിഞ്ഞ തവണ പഞ്ചായത്തില്‍ ആറ് സീറ്റാണ് കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്. ഈ പ്രാവശ്യം അത് മൂന്നായി ചുരുങ്ങി. ഈ നേതൃത്വവുമായി മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. 18ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയേയും ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥിയേയും തോല്‍പ്പിക്കാന്‍ ഒരു കൂട്ടം നേതാക്കള്‍ കൂട്ടു നിന്നതായും ആക്ഷേപമുണ്ട്. കൂടാതെ മുതിര്‍ന്ന നേതാക്കളെയും പരിചയ സമ്പന്നരായ നേതാക്കളെയും പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് കൊണ്ടു പോകുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിസിസിക്കും, കെപിസിസിക്കും, സബ് കമ്മറ്റിക്കും പരാതി നല്കാന് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: