കണ്ണൂര്‍: ആഗസ്തില്‍ കണ്ണൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള ജില്ലയിലെ കൃഷി-മൃഗസംരക്ഷണ മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായി കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളില്‍ കാര്‍ഷികമേള സംഘാടകസമിതിയുടെ അവസാനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുസമൂഹത്തിനു മുന്നില്‍ കേരളത്തിന്റെ തനതായ കാര്‍ഷിക സംസ്‌കാരത്തെ ഓര്‍മപ്പെടുത്താന്‍ മേളയിലൂടെ കഴിഞ്ഞു. അതോടൊപ്പം പുതിയ കാലത്തിനൊത്ത കൃഷിരീതികളെ പരിചയപ്പെടുത്താനുമായി. അവരവര്‍ക്കാവശ്യമുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനൊപ്പം കൃഷിയുടെ വാണിജ്യസാധ്യതകള്‍ കൂടി സമൂഹത്തിനുമുന്നില്‍ എത്തിക്കാനായതും നേട്ടമാണ്.
യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.ടി.ഒ.മോഹനന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.വസന്തന്‍, മുന്‍ നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.
















