കാഞ്ഞങ്ങാട്: റബ്ബറിന്റെ വിലയിടിവ് ജില്ലയിലെ റബ്ബര്‍ നഴ്സറികളെ പ്രതിസന്ധിയിലാക്കി. വിലയിടിവ് മൂലം പലസ്ഥലത്തും ടാപ്പിംഗ് പോലും ആരംഭിച്ചിട്ടില്ല. തൊഴിലാളികളെ വെച്ച് ടാപ്പിംഗ് നടത്തിയാല്‍ നഷ്ടമായിരിക്കുമെന്നതിനാലാണ് കര്‍ഷകര്‍ ടാപ്പിംഗ് ആരംഭിക്കാത്തത്. സ്വന്തമായി ചെയ്യുന്നവര്‍ മാത്രമാണ് ടാപ്പിംഗ് നടത്തുന്നത്. റബ്ബര്‍ വിപണിയില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരുന്ന വിലക്കുറവ് പുതിയ പ്ലാന്റുകള്‍ക്ക് തടസമായി. കൃഷിചെയ്യാന്‍ പലരും വിമുഖത കാട്ടുന്നത് ജില്ലയിലെ അനവധി റബ്ബര്‍ നഴ്സറികളെ കടക്കെണിയിലാക്കി. ലോണെടുത്തും കടംവാങ്ങിയുമാണ് പലരും നഴ്സറികള്‍ നടത്തുന്നത്. തൊഴിലാളികല്‍ക്ക് കൂലി നല്കാനില്ലാതെ പലരും കഷ്ടത്തിലാണ്. തന്നെയുമല്ല കൃത്യമായ കാലയളവില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന തൈകള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നഴ്സറി ഉടമകള്‍. വെറുതെ നല്കിയാല് പോലും ആരും എടുക്കാത്ത അവസ്ഥയാണുളളത്. തൈകളുടെ പരിപാലത്തിനായും ദിനംപ്രതി നല്ലൊരു തുക ചിലവാകുന്നതായും ഉടമകള്‍ പറയുന്നു. വിലകൂടുമെന്ന് പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴും പ്രായമേറിയ തൈകള്‍ക്ക് ആവശ്യക്കാരുണ്ടാകില്ലെന്നതും ഇവരെ അലട്ടുന്നു. ലക്ഷങ്ങള്‍ തൈകളാക്കി വെച്ചവര്‍ അത് പണമായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍. കര്‍ഷകരുടെ കാര്യവും കഷ്ടത്തിലാണ്. റബ്ബര്‍ മാത്രം വരുമാനമാര്ഗമായുള്ളവര്ക്ക് ടാപ്പിംഗ് ചെയ്യാതെ തരമില്ലെന്ന അവസ്ഥയാണ്.
ഒരു കിലോ റബ്ബറിന് 200 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഒരു സീസണില്‍ നാല് ലക്ഷം വരെ തൈകള്‍ വരെ വില്‍പ്പന നടത്തിയ നഴ്സറികളുണ്ട്. എന്നാല്‍ ഇപ്പോള്‍ കച്ചവടം നാലിലൊന്നായി ചുരുങ്ങി കഴിഞ്ഞു. ഒരു കിലോ ഷീറ്റിന് ഇപ്പോള്‍ ലഭിക്കുന്ന വില പരമാവധി 100 രൂപയാണ്. കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് 150 രൂപ അടിസ്ഥാനവില കണക്കാക്കി ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരതാഫണ്ടില്‍ നിന്നും വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി 300 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
ഒരു ഹെക്ടര്‍ റബ്ബര്തോട്ടമുള്ള കര്‍ഷകര്‍ 18 ക്വിന്റല്‍ വരെ റബ്ബര്‍ ഷീറ്റ് വില്ക്കുമ്പോള് സ്ഥിരതാ ഫണ്ടില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. ഉല്‍പ്പന്ന വില കുറയുകയും ഉല്‍പ്പാദന ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ റബ്ബറിനെ പാടെ ഉപേക്ഷിച്ച മട്ടാണ്. പുതിയ പ്ലാന്റുകള്‍ വരുന്നില്ല. ഇതോടെയാണ് റബ്ബര്‍ നഴ്സറികളുടെ പ്രവര്‍ത്തനം നാമ മാത്രമായി ചുരുങ്ങിയത്. റബ്ബറിന്റെ ഭാവി എന്താകും എന്ന ഭയത്താല്‍ തൈകള്‍ വാങ്ങാന്‍ കര്‍ഷകര്‍ നഴ്സറികളിലേക്ക് എത്തുന്നില്ല. പ്രതാപകാലത്ത് ഒരു കൂട തൈക്ക് നൂറു രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ 30 രൂപയായി കുറഞ്ഞിട്ടും ആവശ്യക്കാരില്ല. ആവര്‍ത്തന കൃഷി മാത്രമാണിപ്പോള്‍ നാമമാത്രമായെങ്കിലും നടക്കുന്നത്. ഇവരെ ആശ്രയിച്ചാണ് ഇപ്പോള്‍ നഴ്സറികള്‍ നിലനില്‍ക്കുന്നത്. ആവര്‍ത്തന കൃഷി നടത്തുന്നവര്‍ റബ്ബര്‍ കൃഷിയുടെ വിസ്തൃതിയനുസരിച്ച് മറ്റ് വിളകള്‍ കൂടി വ്യാപകമാക്കുന്നുണ്ട്. ഇതും റബ്ബര്‍ നേഴ്സറികളുടെ തളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയവയുടെ തൈകള്‍ വില്‍പ്പനക്കെത്തിച്ച് പുതിയ അതിജീവന മാര്‍ഗം തേടുകയാണ് ജില്ലയിലെ റബര്‍ നഴ്സറി ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: