ആലപ്പുഴ: കാമുകിയുമായി കാറില്‍ ചുറ്റിക്കറങ്ങുന്നതിനിടെ ഭാര്യയുടെ ബന്ധുക്കള്‍ കയ്യോടെ പിടികൂടിയ മുന്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറായ യുവനേതാവിനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന അടിയന്തര ഏരിയാകമ്മറ്റിയോഗത്തിലാണ് യുവനേതാവിനെതിരെ നടപടിയെടുത്തത്.
മുതിര്‍ന്ന നേതാവ് വി.എസ്. മണിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് അറിയുന്നു. നേതാവിന്റെ ഭാര്യ പാര്‍ട്ടിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ കാമുകിയുമൊന്നിച്ച് സിപിഎം നേതാവിനെ ചങ്ങനാശേരിയില്‍ നിന്നാണ് ഭാര്യാബന്ധുക്കള്‍ പിടികൂടിയത്. നേതാവും യുവതിയും സഞ്ചരിച്ചിരുന്ന കാറിന് കുറുകെ മറ്റൊരു കാര്‍ വട്ടമിട്ട് സിനിമാസ്റ്റെലിലാണ് ഇവരെ കുടുക്കിയത്. ഭര്‍തൃമതിയായ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറുമായുള്ള സിപിഎം നേതാവിന്റെ അവിശുദ്ധബന്ധം കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ കാലത്തുതന്നെ ഏറെ വിവാദമായിരുന്നു. മറ്റു കൗണ്‍സിലര്‍മാരെ ഒഴിവാക്കി ഇരുവരും മാത്രമായി പഠന യാത്രയ്‌ക്ക് പോയത് അന്ന് ചര്‍ച്ചയായെങ്കിലും സിപിഎം ഔദ്യോഗികപക്ഷം സംരക്ഷിക്കുകയായിരുന്നു. മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായിരുന്ന ഈ യുവനേതാവിന്റെ സഹോദരന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ഐസക് പക്ഷക്കാരനായിരുന്ന യുവനേതാവ് പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറി. ഈയാളുടെ ഭാര്യ സിപിഎം നേതാവിന്റെ മകളാണ്. പാര്‍ട്ടി ഔദ്യോഗികപക്ഷ നേതാക്കള്‍ പ്രശ്‌നം ഒതുക്കിതീര്‍ത്ത് ഈയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ തെളിവുകള്‍ ഉള്‍പ്പടെ നല്‍കിയ സാഹചര്യത്തില്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. നഗരത്തിലെ ഭൂമാഫിയകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന യുവനേതാവിന്റെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടുള്ള വന്‍ സാമ്പത്തിക വളര്‍ച്ച അത്ഭുതാവഹമായിരുന്നു. ഈ നേതാവിന്റെ അടുത്ത സുഹൃത്തായ ഡിവൈഎഫഐ നേതാവായ മുന്‍ കൗണ്‍സിലറും നേരത്തെ സ്ത്രീവിഷയത്തില്‍പ്പെട്ടിരുന്നെങ്കിലും ലക്ഷങ്ങള്‍ കൊടുത്ത് ഒതുക്കിതീര്‍ക്കുകയായിരുന്നു.
അതിനിടെ കമിതാക്കളായ മുന്‍യുവ കൗണ്‍സിലര്‍മാരെ പിടികൂടിയ കാറില്‍ മുന്‍ കൗണ്‍സിലറായ കോണ്‍ഗ്രസ് യുവനേതാവും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
















