ന്യൂദല്‍ഹി: മുന്‍വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീനെ ഐക്യരാഷ്‌ട്രസഭയിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു. വിദേശകാര്യ വക്താവ് സ്ഥാനത്തുനിന്നും ഭാരത-ആഫ്രിക്ക ഉച്ചകോടിയുടെ പ്രത്യേക ചുമതലക്കാരനായി നിയോഗിക്കപ്പെട്ട അക്ബറുദ്ദീനെ കൂടുതല്‍ തന്ത്രപ്രധാന ചുമതലയിലേക്കാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. 2016 ജനുവരിയില്‍ അക്ബറുദ്ദീന്‍ സ്ഥാനമേല്‍ക്കും. നിലവില്‍ അശോക് മുഖര്‍ജിയാണ് യുഎന്നിലെ സ്ഥിരം പ്രതിനിധി.
സ്വതസിദ്ധമായ ഭാഷ ഉപയോഗിച്ച് വിദേശകാര്യ വക്താവെന്ന നിലയില്‍ തിളങ്ങിയ അക്ബറുദ്ദീന്‍ യുഎന്നിലേക്കെത്തുന്നതോടെ ഭാരതത്തിന്റെ നിലപാടുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്. 1985 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് സയ്യിദ് അക്ബറുദ്ദീന്‍. വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി തല ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനായി സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കണമുള്‍പ്പടെ ഭാരതം നിരവധി സുപ്രധാന ആവശ്യങ്ങള്‍ മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് സയ്യിദ് അക്ബറുദ്ദീന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്. ന്യൂയോര്‍ക്കിലെ ഏറ്റവും സുപ്രധാനമായ പദവിയിലേക്ക് പോകുന്ന ഭാരത വിദേശ സര്‍വ്വീസ് ഉദ്യോഗസ്ഥന് നിരവധി ദൗത്യങ്ങളാണ് കാത്തിരിക്കുന്നത്.
യുഎന്‍ അതിന്റെ 193 അംഗരാജ്യങ്ങളോടും സുരക്ഷാ കൗണ്‍സില്‍ പുനസംഘടന സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ അറിയിച്ച സാഹചര്യത്തില്‍ അക്ബറുദ്ദീന്റെ പുതിയ നിയോഗം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ്.
















