ചെന്നൈ: മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വീട്ടിലിരുന്ന്, സാങ്കേതിക സംവിധാന സഹായത്തില്‍ ഇതാദ്യമായി ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചു. ദീപാവലി അവധിയെ തുടര്‍ന്ന് കോടതികള്‍ അവധിയായതിനാലും ജഡ്ജുമാര്‍ ആരും സ്ഥലത്തില്ലാതിരുന്നതിനാലും സ്‌കൈപ് വീഡിയോ ചാറ്റ് സംവിധാനത്തിലൂടെ ഹര്‍ജിയിലെ വാദംകേട്ട് തീരുമാനം എടുക്കുകയായിരുന്നു. ഇതാദ്യമായാണ് കോടതിയില്‍ ഇങ്ങനെയൊരു നടപടിക്രമം. ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. വൈദ്യനാഥനാണ് സ്‌കൈപ്പിലെ വീഡിയോ ചാറ്റില്‍ വീട്ടിലിരുന്നു കേസ് കേട്ടത്.
രാമനാഥപുരത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടക്കുന്ന വിവാഹത്തിന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി അനുവദിച്ച് വിവാഹത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കേസിന്റെ രേഖകള്‍ ജഡ്ജിന് ഇ മെയിലില്‍ എത്തിച്ചു. ഹര്‍ജികേട്ട ശേഷം ഇന്നലെ രാത്രി എട്ടുമണിയോടെ ജഡ്ജ് പോലീസിന് ഉത്തരവ് ഇ മെയില്‍ ചെയ്തു. എം. യേശു എന്നയാളായിരുന്നു ഹര്‍ജിക്കാരന്‍.
പോലീസിനെതിരെയായിരുന്നു ഹര്‍ജി. വിവാഹം നടക്കാതിരിക്കാന്‍ പോലീസും ഒത്തുകളിക്കുന്നുവെന്ന് ഹര്‍ജി വിശദീകരിക്കുന്നു. പരാതിക്കാരനും വിവാഹം നടത്താന്‍ നിശ്ചയിച്ച ആടൈ കലാമണ്ടാ പള്ളിസമിതിയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതെത്തുടര്‍ന്ന് അനുമതി നല്‍കിയ വിവാഹം അവസാന നിമിഷം നടത്താനാവില്ലെന്നു കോടതി നിലപാടെടുക്കുകയായിരുന്നു.
















