ന്യൂദല്‍ഹി: ഭീകരസംഘടനയായ ഐഎസില്‍ പ്രവര്‍ത്തിക്കുന്ന ഭാരത പൗരന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടി. ഐഎസില്‍ നിലവില്‍ 23 പൗരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമെങ്കിലും പാരീസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമായ പരിശോധനയിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍.
യൂറോപ്യന്‍ രാജ്യങ്ങളോടും യുഎസിനോടും പശ്ചിമേഷ്യന്‍ രാജ്യങ്ങളോടും ഭാരത ഏജന്‍സികള്‍ വിവരം കൈമാറണമെന്ന അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ബ്രിക്‌സ് പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപന സംവിധാനം കാര്യക്ഷമമാക്കുന്നതടക്കമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഭാരതത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് സ്വാധീനം ഏറെയാണെന്നും അതിനാല്‍ തന്നെ ഈ സംസ്ഥാനങ്ങളില്‍ കര്‍ശന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നുമാണ് ഏജന്‍സികള്‍ കരുതുന്നത്. സംശയമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം നിരീക്ഷിക്കുന്നുണ്ട്. ഭാരതത്തില്‍ നിന്നും ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഫോണ്‍ കോളുകളും രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
ഇന്ത്യന്‍ മുജാഹിദ്ദീനില്‍ നിന്നും വേര്‍പെട്ട അന്‍സര്‍ ഉല്‍ തവ്ഹിദ് എന്ന ഭീകരസംഘടന ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന വിവരം പുറത്തുവന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ തലവനായ അന്‍സാര്‍ ഐഎസ് മേധാവി അല്‍ ബാഗ്ദാദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്‍സാര്‍ റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം ആളുകള്‍ കുടിയേറിയ സംസ്ഥാനങ്ങള്‍ കൂടിയാണിത്. വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിലൂടെ ഐഎസ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് ഐബിയുടെ പ്രതീക്ഷ.
23 ഭാരതീയരില്‍ നാലു പേര്‍ മലയാളികളാണ്. കര്‍ണ്ണാടക സ്വദേശികളായ അഞ്ചുപേരും ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനക്കാരായ നാലുപേര്‍ വീതവും ഐഎസില്‍ പ്രവര്‍ത്തിക്കുന്നു. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ള കൂടുതല്‍ ഭാരത പൗരന്മാര്‍ ഐഎസിന്റെ സ്വാധീനത്തില്‍ അകപ്പെട്ടു പോയിട്ടുണ്ടാകുമെന്നും മറ്റു വിദേശ രാജ്യങ്ങളിലും ഇത്തരത്തില്‍ ഐഎസ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഭാരത പൗരന്മാര്‍ ഉണ്ടാകാനിടയുണ്ടെന്നുമാണ് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
















