ലണ്ടന്‍: വൈവിദ്ധ്യമാണ് ഭാരതത്തിന്റെ ശക്തിയും അഭിമാനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ വെംബഌയില്‍ പ്രവാസി ഭാരതീയര്‍ നല്‍കിയ വന്‍സ്വീകരണത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സായംസന്ധ്യയിലെ കൊടും തണുപ്പ് അവഗണിച്ചാണ് പതിനായിരങ്ങള്‍ മോദിക്ക് സ്വാഗതമേകാന്‍ എത്തിയിരുന്നത്. വൈവിധ്യമാണ് ഭാരതത്തിന്റെ പ്രത്യേകത. വിവിധ മതവിഭാഗങ്ങള്‍ ഉള്ളതു പോലെ നൂറിലേറെ ഭാഷകളും 1500ലേറെ ഉപഭാഷകളുമാണ് നമുക്കുള്ളത്.എങ്ങനെയാണ് ഒത്തൊരുമിച്ച് ജീവിക്കേണ്ടതെന്ന് ഭാരതീയര്‍ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്. അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പട്ടിണി തുടച്ചുമാറ്റാനുള്ള തീവ്രശ്രമങ്ങളാണ് എന്റെ സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഞാനും എന്നെപ്പോലെ എന്റെ എല്ലാ ഭാരതീയരും കാണുന്ന ഒരു സ്വപ്‌നമാണത്. അത് നിറവേറ്റാനുള്ള ശേഷി നമുക്കുണ്ട്. അവ നാം സാക്ഷാത്ക്കരിക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു. ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എല്ലാ ഭവനങ്ങളിലും വൈദ്യുതി യെത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇത് പരിപൂര്‍ണ്ണമായും നടപ്പാക്കുക തന്നെ ചെയ്യും. വന്‍കരഘോഷ ത്തിനിടെ മോദി പറഞ്ഞു.
വലിയ വിഭവ ശേഷിയുള്ള ഭാരതത്തിന് ദരിദ്രരാജ്യമായി തുടരാന്‍ കഴിയില്ല. അതിനുള്ള കാരണങ്ങളുമില്ല. ഇവിടുത്തെ ജനങ്ങളില്‍ 65 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. യുവജനങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ല. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനെട്ടുമാസം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഓരോന്നായി വിശദീകരിച്ച പ്രധാനമന്ത്രി ഇനി നടപ്പാക്കാനുള്ള പദ്ധതികളും അക്കമിട്ട് നിരത്തി.
സ്മാര്‍ട്ട് സിറ്റി, എല്ലാവര്‍ക്കും ഭവനം, കുടിവെള്ളം, വൈദ്യുതി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയെല്ലാം മോദി വിശദീകരിച്ചു. സാമ്പത്തിക രംഗത്ത് കൈവരിച്ച ഉണര്‍വ്വും നേട്ടങ്ങളും എടുത്തു പറഞ്ഞ മോദി ഇന്ന് ഭാരതം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമുള്ള രാജ്യമാണെന്നും ചൂണ്ടിക്കാട്ടി. ഐഎംഎഫ് അടക്കമുള്ള ഏജന്‍സികള്‍ ഭാരതത്തിന്റെ വളര്‍ച്ച ഏഴര ശതമാനമാകുമെന്ന് വ്യക്തമാക്കിയ കാര്യവും മോദി എടുത്തു പറഞ്ഞു.
















