കൊല്ലം: തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണ സമിതിയംഗങ്ങള്‍ സത്യപ്രതിജ്ഞാലംഘനം നടത്തി. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് എല്‍ഡിഎഫ് അംഗങ്ങള്‍ റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശം മറികടന്ന് സത്യപ്രതിജ്ഞ ചെയ്തത്.
എല്ലായിടത്തെയും പോലെ രാവിലെ 10ന് തന്നെ പരിപാടി നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി പത്ത് മണിക്ക് മുമ്പ് തന്നെ എല്‍ഡിഎഫിന്റെ പ്രതിനിധികള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ എത്തിയിരുന്നു. സമയം താമസിച്ചിട്ടും ഇവര്‍ എത്താതിരുന്നതിനാല്‍ വേദിയിലിരുന്ന യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് 10.30ന് ചട്ടം അനുസരിച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. പഞ്ചായത്തിലെ പ്രായംകൂടിയ അംഗമായ പേരയം വാര്‍ഡില്‍ നിന്നും വിജയിച്ച വസന്തബാലചന്ദ്രന് റിട്ടേണിംഗ് ഓഫീസര്‍ സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് വസന്ത മറ്റു ജനപ്രതിനിധികള്‍ക്ക് വാചകം ചൊല്ലികൊടുത്തു. അതേസമയം വേദിയിലേക്ക് എത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നന്‍ വേദിയിലേക്ക് ചാടിക്കയറി റിട്ടേണിംഗ് ഓഫീസറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് പോലീസെത്തി തടയുകയായിരുന്നു. അപ്പോള്‍ തന്നെ റിട്ടേണിംഗ് ഓഫീസര്‍ ബിന്ദു പോലീസിന്റെ സംരക്ഷണയില്‍ വേദി വിട്ടു. പിന്നീട് ബിജെപി മെമ്പര്‍ ചൊല്ലികൊടുക്കുന്ന സത്യവാചകം ഏറ്റുചൊല്ലില്ലെന്ന നിലപാടെടുത്ത എല്‍ഡിഎഫ് അംഗങ്ങള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അവരുടെ അംഗങ്ങളില്‍ മുതിര്‍ന്നയാളിനെ കൊണ്ട് സത്യവാചകം ചൊല്ലുകയായിരുന്നു. റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഘം ഇത്രയുമൊക്കെ മതിയെന്ന അഹങ്കരഭാവത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
















