പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഭീകരാക്രമണത്തെ ലോകം കേട്ടത് നടുക്കത്തോടെ. ആക്രമണത്തെ ലോക നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
പാരീസ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. നിരപരാധികളായ പൗരന്മാരെ നിഷ്‌കരുണം കൊലപ്പെടുന്നതിനു ഒരിക്കല്‍ കൂടി നാം സാക്ഷ്യം വഹിച്ചതായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പാരീസിലേത് പ്രാകൃതവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണമെന്നു യുഎന്‍ രക്ഷാസമിതി അപലപിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലോ മെര്‍ക്കലും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഭീകരാക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് ഹാസ്യവാരിക ഷാര്‍ളി എബ്‌ഡോയ്‌ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫ്രാന്‍സിനെ നടുക്കിയ സംഭവമാണിത്. മുഹമ്മദ് നബിയെ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മാസിക ഉടമയടക്കം 12 ജീവനക്കാരെയാണ് ഭീകരര്‍ വാരികയുടെ ഓഫീസില്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
















