കാഞ്ഞങ്ങാട്: തോയമ്മല്‍ കവ്വായിയില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം നാടിനെ നടുക്കി. കവ്വായിയിലെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജാനകിയമ്മയ്ക്ക് സ്വന്തം നാടിനോടുള്ള സ്നേഹമാണ് തൃശൂരിലെ മകന്റെ വീട്ടില്‍ നിന്നും ഇവരെ ഇടയ്ക്കിടെ കവ്വായിയിലെ വീട്ടിലെത്തിക്കുന്നത്. തൃശൂരില്‍ ജോലിയുള്ള മകന് ഗിരീഷിന്റെ വീട്ടില്‍ സുഖമായി താമസിച്ച് വരികയായിരുന്ന ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വന്തം വീട്ടിലെത്തിയത്. അത് അവസാനത്തെ വരവാണെന്ന് പാവം വൃദ്ധ അറിഞ്ഞിരുന്നില്ല. കവ്വായി ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്ന ലക്ഷം ദീപാര്ച്ചനയില് പങ്കെടുക്കണമെന്ന മോഹത്തോടെയാണ് ഇത്തവണയെത്തിയത്. പക്ഷേ വിധി അതിനനുവദിച്ചില്ല. ചുറ്റിലും കാട് പിടിച്ച് വിജനമെന്ന് തോന്നിക്കുന്ന സ്ഥലത്താണ് ജാനകിയമ്മയുടെ വീട്. ഒരുമാസം മുമ്പ് വരെ വീട് വാടകയ്ക്ക് നല്‍കിയിരുന്നു.
ബുധനാഴ്ച രാവിലെ പറമ്പില്‍ തേങ്ങ പറിക്കാനെത്തിയ തെങ്ങുകയറ്റത്തൊഴിലാളി ജാനകിയേട്ടി എന്ന് നീട്ടിവിളിച്ചിരുന്നു. മുന്‍ഭാഗമുള്‍പ്പെടെ തുറന്നിട്ട നിലയിലും റേഡിയോ പാടിക്കൊണ്ടിരിക്കുകയുമായിരുന്നു. വീടും തുറന്നിട്ട് ജാനകിയേട്ടി എങ്ങോട്ട് പോയി എന്ന ആലോചനയില്‍ തെങ്ങുകയറ്റക്കാരന് മറ്റൊരു പറമ്പിലേക്ക് പോയി. ഇന്നലെ അതിരാവിലെ ഇതുവഴി പാലിന് പോവുകയായിരുന്ന അയല്‍വാസി മോഹനന് വീട്ടിനുള്ളില്‍ നിന്നും റേഡിയോ മൂളിക്കൊണ്ടിരിക്കുന്നതും ഫാന്‍ കറങ്ങുന്നതുമൊക്കെ കണ്ടിരുന്നു. മോഹനനും ജാനകിയേട്ടിയെ നീട്ടിവിളിച്ചു. മറുപടിയില്ലാതായപ്പോള്‍ തൊട്ടടുത്ത വീട്ടിലെ യുവാവിനെയും കൂട്ടി വന്ന് മുറിക്കുള്ളില്‍ കയറി. അങ്ങനെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. പടന്നക്കാട് ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരന് ഇവിടെ വാടകയ്ക്ക് താമസിച്ചരുന്നു. എന്നാല്‍ ജാനകി അമ്മ മകന്റെ വീട്ടില്‍ നിന്നും വന്നതിന് ശേഷം ഇയാളോട് വീടൊഴിയാന്‍ പറഞ്ഞിരുന്നു. പിറകിലത്തെ മുറി മാത്രം വാടകയ്ക്കെടുത്ത് ഇടയ്ക്കിടെ ഇയാള്‍ ഉപയോഗിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ പോലീസ് ഗോപനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
സംസാരത്തിലും പെരുമാറ്റത്തിലു പ്രത്യേകതയുണ്ടായിരുന്ന ജാനകി അയല്‍ വീടുകളില്‍ അധികം പോകാറില്ലെന്നും പറയുന്നു. സംഭവത്തിന് തലേദിവസം രാത്രി വരെ ഇവരെ പുറത്തെങ്ങും കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കണ്ണൂരില്‍ നിന്നുമെത്തിയ സീറ്റ എന്ന പോലീസ് നായ മൃതദേഹത്തില്‍ നിന്ന് മണം പിടിച്ച് വീട്ടിന് ചുറ്റും ഒരുതവണ കറങ്ങിയതിന് ശേഷം റോഡിലേക്ക് പോയി. തിരിച്ച് വന്ന നായ സമീപത്തെ വീട്ടുമുറ്റത്ത് വരെ പോയി വീണ്ടും ജാനകിയുടെ വീട്ടിലേക്ക് തിരിച്ചെത്തി. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. മൃതദേഹം കിടന്നിരുന്ന മുറിയുടെ വാതിലുംമുന്വശത്തെ വാതിലും അടച്ചിരുന്നില്ല. മുറിയിലെ അലമാര തുറന്ന നിലയിലുമായിരുന്നു. വീട്ടമ്മ കൊല്ലപ്പെട്ടതറിഞ്ഞ് രാവിലെ മുതല്‍ ആള്‍ക്കാരുടെ പ്രവാഹമായിരുന്നു. മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമെ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളുവെന്ന് ജില്ലാ പോലീസ് ചീഫ് ഡോ.ശ്രീനിവാസ പറഞ്ഞു. മൃതദേഹം കിടന്നിരുന്ന രീതിയും മൃതദേഹത്തിന്റെ തലയിലെ മുറിവും പരിശോധിച്ചതില്‍ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അതേ സമയം വീട്ടിലെ അലമാരയില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സ്വര്‍ണത്തിന് വേണ്ടി കൊലനടത്തിയതാകാമെന്നും സൂചനയുണ്ട്. പ്രതിയുമായുള്ള മല്പിടുത്തത്തിനിടയില് കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: