അങ്കമാലി: പ്രിന്റിംഗ് വ്യവസായം കേരളത്തില്‍ തഴച്ചു വളരാനുള്ള ഗവണ്‍മെന്റിന്റെ എല്ലാവിധ സഹായങ്ങളും അതിനുള്ള സാഹചര്യവും ഒരുക്കുമെന്നും എക്‌സൈസ്-തുറമുഖ-ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ 14-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ അച്ചടി കേരളത്തിലെ പ്രസ്സുകളില്‍തന്നെ ചെയ്യണമെന്നും അതാണ് കേരള ഗവണ്‍മെന്റിന്റെ നയമെന്നും പ്രസ്സ് സംവിധാനങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ന്നു.
എഫ്എപിജെഎ സെക്രട്ടറി ജനറല്‍ ആര്‍. സുരേഷ് പ്രിന്റക്‌സ് 2015 എക്‌സിബിന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. എ. അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്റക്‌സ് 2015 എക്‌സിബിഷനില്‍ ഇന്ത്യയിലെയും വിദേശത്തേയും അച്ചടിമേഖലയുമായി ബന്ധപ്പെട്ട അമ്പതിലേറെ സ്റ്റാളുകളുടെയും അനുബന്ധസാമഗ്രഹികളുടെയും ലൈവ് പ്രദര്‍ശനവും വായ്‌പാമേളയും ഒരുക്കിയിരിക്കുന്നു. പതിനഞ്ചാം തീയതി വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. 14ന് രാവിലെ 10ന് നടക്കുന്ന പ്രിന്റേഴ്‌സ് മീറ്റ് – കുടുംബസംഗമം പി. ചന്ദര്‍ ഉദ്ഘാടനം ചെയ്യും. ഏറണാകുളം ജില്ലാ പ്രസിഡന്റ് പി. എം. ഹസൈനാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുടുംബബന്ധങ്ങള്‍ ഡിജിറ്റല്‍ യുഗത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തും. സാനു പി. ചെല്ലപ്പന്‍, എം. ആര്‍. പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
















