കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രാത്രി കാല ഓട്ടോ ഡ്രൈവറും ബിഎംഎസ്സ് പ്രവര്‍ത്തകനുമായ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന് സന്ദീപി (34)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സന്ദീപിന്റെ ശസ്ത്രക്രിയകള്‍ക്ക് ഒന്നര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സഹപ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് സിഐ പി.കെ.സുധാകരനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം 1,000 രൂപ നല്കി എല്ലാവരും സഹകരിച്ചാല്‍ പണം കണ്ടെത്താനാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത്.
നഗരത്തിലെ ഡ്രൈവര്‍മാരെല്ലാം അവരാല്‍ കഴിയുന്ന സംഖ്യ ചികിത്സയ്ക്കായി സ്വരൂപിച്ചു വരികയാണ്. സന്ദീപിന്റെ രണ്ട് ശസ്ത്രക്രിയകള്‍ ഇതിനകം നടന്നിട്ടുണ്ട്. കുത്തേറ്റതിനെ തുടര്‍ന്ന് കരളിനും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുത്തേറ്റ സന്ദീപ് പ്രാണരക്ഷാര്‍ത്ഥം ഓടി കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ വീണപ്പോള്‍ സംഭവം കണ്ട സെക്യൂരിറ്റി ജീവനക്കാരന് എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ തന്നെ കുത്തിയതാണെന്ന് ആംഗ്യത്തില്‍ കാണിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: