കൊച്ചി: ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ റിഫ്രഷര്‍ കോഴ്‌സിലേക്ക് തന്നെ ശുപാര്‍ശ ചെയ്യാത്ത ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ വനിത ഫുട്ബാള്‍ റഫറി ബെന്റില ഡിക്കോത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഫുട്ബാള്‍ രംഗത്ത് വനിതാ റഫറി എന്ന നിലയില്‍ പ്രശസ്തയായ തന്നെ അപഹസിക്കുന്ന നിലപാടാണ് ഫുട്ബാള്‍ ഫെഡറേഷന്‍ സ്വീകരിച്ചതെന്നും റിഫ്രഷര്‍ കോഴ്‌സിനു ശുപാര്‍ശ ചെയ്യുന്നതിനു പകരം തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ടെസ്റ്റിനുവേണ്ടി ഹാജരാകാനാണ് ഫുട്ബാള്‍ ഫെഡറേഷന്റെ റഫറീ കമ്മിറ്റി നിര്‍ദ്ദേശിച്ചതെന്നും ബെന്റില ഹര്‍ജിയില്‍ പറയുന്നു.
റിഫ്രഷര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രംഗത്ത് തുടരാനാവാത്ത സ്ഥിതി വരുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസിലെ ഹെഡ് ക്ലാര്‍ക്കു കൂടിയായ ബെന്റില ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ ആദ്യ വനിതാ റഫറി എന്ന സ്ഥാനത്തിനും ഉടമയാണ്.
















