അബുദാബി: അവസാന ഏകദിനത്തിനിറങ്ങിയ പാക് താരം യൂനിസ് ഖാന് മികച്ച ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ച യൂനിസ് ഖാന്‍ അവസാന മത്സരത്തില്‍ നേടിയത് 9 റണ്‍സ്. എന്നാല്‍ യൂനിസിന്റെ മോശം പ്രകടനത്തിന്റെ അഭാവത്തിലും പാക്കിസ്ഥാന്‍ മികച്ച വിജയം നേടി.
അബുദാബിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് പാക് ടീം വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്‍ മുഹമ്മദ് ഹഫീസിന്റെ അപരാജിത സെഞ്ചുറിയുടെ (102) കരുത്തില്‍ 38 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 217 റണ്‍സ് നേടി. നേരത്തെ ടെസ്റ്റ് പരമ്പര നേടിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ഏകദിനത്തിനായി ഇറങ്ങിയത്. മുന്ന് ടെസ്റ്റുകളുടെ പരമ്പര 2-0നാണ് പാക്കിസ്ഥാന്‍ നേടിയിരുന്നത്.
130 പന്തില്‍നിന്നു 10 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ഹഫീസിന്റെ സെഞ്ചുറി. മുഹമ്മദ് ഹഫീസാണ് മാന്‍ ഓഫ് ദി മാച്ച്. 62 റണ്‍സ് നേടിയ ബാബര്‍ അസമിന്റെ പ്രകടനവും പാക് വിജയത്തില്‍ നിര്‍ണായകമായി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. മൂന്നിന് 41 എന്ന നിലയില്‍ തകര്‍ച്ചനേരിട്ട ശേഷമായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇംഗ്ലണ്ടിന് വേണ്ടി വില്ലി 9 ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നിനുമുമ്പുതന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായി. പിന്നാലെ മുന്‍നിര തകര്‍ന്ന് മൂന്നിന് 14 എന്ന നിലയിലായ ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ മോര്‍ഗ (76)നും ടെയ്‌ല (60)റും ചേര്‍ന്ന 133 റണ്‍സ് കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 33 റണ്‍സെടുത്ത ക്രിസ് വോക്‌സും ഭേദപ്പെട്ട പ്രകടനം നടത്തി. അഞ്ച് പേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍. 10 റണ്‍സെടുത്ത ഹെയ്ല്‍സും 13 റണ്‍സെടുത്ത വില്ലിയുമാണ് രണ്ടക്കം കടന്ന മറ്റു ഇംഗ്ലീഷ് താരങ്ങള്‍. പാക്കിസ്ഥാനായി മുഹമ്മദ് ഇര്‍ഫാന്‍ മൂന്നും അന്‍വര്‍ അലി, ഷൊഐബ് മാലിക് എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്‌ത്തി.
















