അമ്പലപ്പുഴ: കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പുതുക്കിയ പെര്‍മിറ്റും പ്രകാരമുള്ള മണ്ണെണ്ണ കിട്ടാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴ താലൂക്കിലെ ഒരു വിഭാഗം മത്സ്യതൊഴിലാളികള്‍ വള്ളം കടലിലിറക്കാന്‍ കഴിയാതെ പട്ടിണിയിലും പരിവട്ടത്തിലും. താലൂക്കിലെ അഞ്ഞൂറിലധികം വള്ളങ്ങളാണ് കഴിഞ്ഞ മാര്‍ച്ചോടെ പെര്‍മിറ്റു പുതുക്കിയത്.
എന്നാല്‍ നാളിതുവരെയായി പെര്‍മിറ്റ് പുതുക്കിയതു പ്രകാരം ഈ വള്ളങ്ങള്‍ക്ക് മണ്ണെണ്ണ ലഭിച്ചിട്ടില്ല. പതിനഞ്ച് ഹോഴ്‌സ് പവര്‍ എന്‍ജിനുള്ള വള്ളത്തിന് നൂറ്റി ഇരുപത്തി ഒന്‍മ്പതു ലിറ്റര്‍ മണ്ണെണ്ണയും ഇരുപത്തി അഞ്ച് ഹോഴ്‌സ് പവര്‍ ഉള്ള വള്ളത്തിന് നൂറ്റി എഴുപത്തി ഒന്‍മ്പത് ലിറ്റര്‍ മണ്ണെണ്ണയുമാണ്‌വേണ്ടത് പെര്‍മിറ്റു പ്രകാരം ലിറ്ററിന് 17 രൂപ 50 പൈസ പ്രകാരം ലഭിക്കണം.
എന്നാല്‍ മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയുന്നില്ല. ഇതേ തുടര്‍ന്ന് നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലും പരിവട്ടത്തിലുമായത്. ഒരു മാസത്തേക്കാണ് ഈ അളവിലും നിരക്കിലും മണ്ണെണ്ണ ലഭിക്കേണ്ടത്. മത്സ്യവള്ളങ്ങളും കരിഞ്ചന്തയില്‍ നിന്നും അറുപതു രൂപ മുതല്‍ എഴുപതു രൂപവരെ മുടക്കിയാണ് മണ്ണെണ്ണ വാങ്ങി ഉപയോഗിക്കുന്നത്.
പലപ്പോഴും മത്സ്യം ലഭിക്കാതെ തിരികെമടങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. പുന്നപ്ര ചള്ളി കടപുറത്ത് നൂറോളം വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോകാതെ കരയില്‍ ഇരിക്കുന്നത്. പ്രദേശങ്ങളിലെ ബ്ലേഡ്കാരെ സമീപിച്ചാണ് മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പണം കടം വാങ്ങുന്നത്.
















