ഇടുക്കി: മാങ്കുളം ചിക്കണംകുടിയില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് വനവാസി സ്ത്രീകള്‍ മരിക്കുകയും യുവതിക്കും കുട്ടിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജില്ലാ ഭരണകൂടവും സംസ്ഥാനസര്‍ക്കാരും ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. മരണമടഞ്ഞ സ്ത്രീകളുടെ ബന്ധുക്കള്‍ക്ക് സഹായധനമെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാഴ്ച മുന്‍പാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ വനവാസികളാണ് മരിച്ചത്. ചിക്കണംകുടി സ്വദേശികളായ യശോദ, രാജാത്തി, സലോമി എന്നവരാണ് മരിച്ചത്. ഒരു യുവതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 84 വീടുകളാണ് ചിക്കണംകുടിയിലുള്ളത്. ഇവിടെ കുടിവെള്ളവും സഞ്ചരിക്കാന്‍ വഴികളുമില്ല. ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി ഭരിച്ചിട്ടും അതിപിന്നോക്കാവസ്ഥയാണ് ഈ കുടിക്കാര്‍ക്ക്. മരിച്ച കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. പരിക്കേറ്റ യുവതിക്ക് അഞ്ച് ലക്ഷം രൂപ നല്‍കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യ മന്ത്രി, വനംവകുപ്പ് മന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രി, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഹിന്ദുഐക്യവേദി നിവേദനം നല്കാന് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ചിക്കണംകുടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി അപ്പു, ഇടുക്കി ജില്ല പ്രസിഡന്റ് പത്മഭൂഷണ്‍, ജില്ല സെക്രട്ടറി സന്തോഷ് മാങ്കുളം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ല കളക്ടറെ ഹിന്ദുഐക്യവേദി നേതാക്കള്‍ കണ്ട് വനവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. അനുഭാവ പൂര്‍ണമായ സമീപനമാണ് കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: