എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലോ വാല്മീകി രാമായണത്തിലോ ഇല്ലാത്ത ഏതാനും ശ്ലോകങ്ങള്‍ അദ്ധ്യാത്മ രാമായണം മൂലഗ്രന്ഥത്തിലുണ്ട്. കൈകേയി രാമനോടു മാപ്പുചോദിക്കുന്ന രംഗം. കൈകേയിയെക്കുറിച്ചുള്ള ധാരണകള്‍ നമുക്കു മാറ്റാം.
കൈകേയീ രാമമേകാന്തേ സ്രവന്നേത്രജലാകുലാ
പ്രാഞ്ജലിഃ പ്രാഹ ഹേ രാമ തവ രാജ്യവിഘാതനം
കൃതം മയാ ദുഷ്ടധിയാ മായാമോഹിതചേതസാ
ക്ഷമസ്യ മമ ദാരാത്മ്യം ക്ഷമാസാരാ ഹി സാധവഃ
ഈ ഘട്ടത്തില്‍ ഏകാന്തത്തില്‍ കണ്ണുനീരോടും കൂപ്പിയ കൈകളോടുംകൂടി രാമനോടു പറഞ്ഞു. ” ഹേ രാമ, മായയാല്‍ മോഹിതയായിത്തീര്ന്നതുകൊണ്ട് കുബുദ്ധിയായ ഞാന്‍ നിന്റെ രാജ്യാഭിഷേകത്തിനു തടസ്സമുണ്ടാക്കി. എന്റെ കുടിലതയ്ക്ക് നീ മാപ്പു നല്‍കണം. ഉത്തമന്മാര് എല്ലായ്പ്പോഴും ക്ഷമാശീലരാണ്.”
കൈകേയി തുടരുന്നു. ”അങ്ങ് സാക്ഷാല്‍ വിഷ്ണുഭഗവാനും അവ്യക്തനായ പരമാത്മാവും സനാതന പുരുഷനുമാകുന്നു. മായാമയമായ മനുഷ്യരൂപത്തില്‍ അവിടന്ന് സകല സംസാരത്തേയും മോഹിപ്പിക്കുന്നു. അങ്ങയുടെ പ്രേരണയാല്‍ തന്നെയാണ് ആളുകള്‍ ശുഭമോ അശുഭമോ ആയ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഈ വിശ്വമാകെ അങ്ങേക്കധീനമാണ്. അസ്വതന്ത്രമാകയാല് അതിനൊന്നും ചെയ്യാന്‍ ശക്തിയില്ല.
പാവകളിക്കാരന്റെ ചരടുവലിക്കൊത്ത് പാവകള്‍ നൃത്തം വയ്ക്കുന്നതുപോലെ വിവിധ ആകൃതി ധരിക്കുന്ന മായാരൂപിണിയായ ഈ നടി അങ്ങേക്കധീനയാണ്. ഹേ ശത്രുമദന, ദേവകാര്യം സാധിക്കുന്നതിനായി അങ്ങയാല്‍ പ്രേരിതയായി പാപിനിയായ ഞാന്‍ എന്റെ ദുഷ്ടബുദ്ധികൊണ്ട് കൊടിയപാപം ചെയ്തു. ഇന്ന് ഞാന്‍ അങ്ങയെ മനസ്സിലാക്കി അങ്ങ് ദേവന്മാരുടെയും വാക്കിനും മനസ്സിനും അതീതനാണ്. ഹേ വിശേ്വശ്വര, ഹേ അനന്ത, ഹേ ജഗന്നാഥ, ഞാനിതാ അങ്ങയെ ശരണം പ്രാപിക്കുന്നു. എന്നെ രക്ഷിക്കണം. ജ്ഞാനാഗ്നിയാകുന്ന വാള്‍കൊണ്ട് പുത്രധനാദികളോടുള്ള സ്നേഹബന്ധത്തെ മുറിച്ചു കളയണേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: