പെരിന്തല്‍മണ്ണ: ഈ സീസണില്‍ നാലാം സെഞ്ചുറിയുമായി രോഹന്‍ പ്രേം (118) നിറഞ്ഞാടിയപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 347 റണ്‍സ്. ആദ്യ ഇന്നിങ്‌സ് തുടങ്ങിയ ത്രിപുര രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സില്‍.
നാലിന് 223 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തെ മുന്നോട്ടു നയിച്ചത് രോഹന്‍. സെഞ്ചുറി തികച്ച ശേഷം കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാനായില്ല രോഹന്. 264 പന്ത് നേരിട്ട് എട്ട് ഫോറും, രണ്ട് സിക്‌സറുമടക്കം രോഹന്റെ ഇന്നിങ്‌സ്. സ്‌കോര്‍ 260ല്‍ നില്‍ക്കെ രോഹന്‍ മടങ്ങിയെങ്കിലും, വാലറ്റത്ത് അക്ഷയ് ചന്ദ്രനും (41 നോട്ടൗട്ട്), എം.ഡി. നിഥീഷും (34) നടത്തിയ ചെറുത്തുനില്‍പ്പ് കേരളത്തെ 347ലെത്തിച്ചു. റോബര്‍ട്ട് ഫെര്‍ണാണ്ടസ് 37 റണ്‍സെടുത്തു. റാണ ദത്തയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ത്രിപുരയ്‌ക്ക് തുണയായത്. സ്വപന്‍ ദാസ് മൂന്നും, മുരസിങ് ഒന്നും വിക്കറ്റെടുത്തു.
ഓപ്പണര്‍ അരിന്ദം ദാസിനെ അക്കൗണ്ട് തുറക്കും മുന്‍പ് സ്ന്ദീപ് വാര്യര്‍ മടക്കിയെങ്കിലും ഉദിയാന്‍ ബോസും (52), നിരുപം സെന്‍ ചൗധരിയും (36) ത്രിപുരയെ മുന്നോട്ടു നയിച്ചു. പരിക്കേറ്റ ഉദിയാന്‍ മടങ്ങിയത് ത്രിപുരയ്‌ക്ക് തിരിച്ചടിയായി. ചൗധരി റണ്ണൗട്ടായി. പര്‍വീന്ദര്‍ സിങ്ങും, മുരസിങ്ങുമാണ് ക്രീസില്‍.
















