പൂനെ: ഐഎസ്എല്ലില്‍ എഫ്സി ഗോവയ്ക്ക് കുരുക്ക്. അവസാന നിമിഷം വരെ മുന്നില്‍ നിന്ന ശേഷം ഇഞ്ചുറി ടൈമില്‍ അഡ്രിയാന്‍ മുട്ടുവിന്റെ ഗോളില്‍ കുരുങ്ങി ഗോവ. ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിലാണ് മുട്ടു പൂനെയ്ക്ക് ജയതുല്യമായ സമനില സമ്മാനിച്ചത്. ഗോവ ഏരിയയില്‍ റോജര്‍ ജോണ്സണ് ഹെഡ് ചെയ്ത് നല്കിയ പന്ത് വോളിയിലൂടെ മനോഹരമായി വലയിലെത്തിച്ച് പോയിന്റ് പങ്കിട്ടു പൂനെ.
തട്ടകത്തില്‍ പൂനെയാണ് ആദ്യം മുന്നിലെത്തിയത്. 32ാം മിനിറ്റില്‍ യൂജിന്സണ് ലിങ്ദോ സ്കോറര്‍. ദിദിയര്‍ സെക്കോറയ്ക്കൊപ്പം ചേര്‍ന്നുള്ള മുന്നേറ്റം ഗോളില്‍ കലാശിച്ചു. ബിക്രംജിത്തിനെ മറികടന്ന് സെക്കോറ നല്കിയ പാസ് പിടിച്ചെടുത്ത ലിങ്ദോ ഗോവന്‍ കാവല്‍ ഭടന് കട്ടിമണിയെ കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു (0-1). പൂനെയുടെ ആഘോഷത്തിന് ആയുസ് രണ്ട് മിനിറ്റ് മാത്രം. മധ്യനിരയില്‍നിന്ന് ലിയനാര്‍ഡോ മൗറ നല്കിയ പാസ് റാഫേല്‍ കോല്‍ഹോ ലക്ഷ്യത്തിലെത്തിച്ചു (1-1).
സമനിലയോടെ ഇടവേളയ്ക്കു പിരിയും എന്നു നിനച്ചിരിക്കെ ജൊനാഥന് ഗോവയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ തുടരെ ലഭിച്ച കോര്ണറിലൊന്ന് ഗോളില്‍ കലാശിച്ചു. രണ്ടാമത്തെ കോര്‍ണര്‍ പൂനെ പ്രതിരോധം തട്ടിത്തെറിപ്പിച്ചത് പിടിച്ചെടുത്ത് ജൊനാഥന് നിറയൊഴിക്കുമ്പോള് പൂനെ ഗോളി സിമണ്‍സെന്‍ കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു (2-1).
ഒമ്പത് കളികളില്‍ 15 പോയിന്റോടെ ഗോവ ഒന്നാമത് തുടരുന്നു. 14 പോയിന്റുമായി പൂനെ രണ്ടാം സ്ഥാനത്തേക്കു കയറി. ഒരു മത്സരം കുറച്ചു കളിച്ച ദല്‍ഹിക്കും 14 പോയിന്റെങ്കിലും ഗോള്‍ശരാശരിയില്‍ മൂന്നാമത്. ഇന്നു കളിയില്ല. നാളെ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന് അത്ലറ്റികോ ഡി കൊല്‍ക്കത്ത എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: