കേരളത്തില്‍ 44 നദികളുണ്ടെന്ന് ഊറ്റംകൊള്ളുന്ന മലയാളി പക്ഷേ അവയുടെ സംരക്ഷണത്തിനോ നിലനില്‍പ്പിനോ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, നദീതീരങ്ങളും അവയുടെ വൃഷ്ടിപ്രദേശങ്ങളും കയ്യേറി കൈവശപ്പെടുത്തുന്ന കാഴ്ചയാണ് കേരളമൊട്ടുക്ക് കാണുന്നത്. സര്‍ക്കാര്‍ ഭൂമി, റവന്യൂഭൂമി, വനഭൂമി, പുറമ്പോക്ക് ഭൂമി, നദീതീരങ്ങള്‍ എന്നിവ വളച്ചുകെട്ടി പുരയിടത്തോട് ചേര്‍ത്ത്, കൈവശഭൂമിയെന്ന രീതിയില്‍ പട്ടയം നേടുകയും ക്രയവിക്രയം ചെയ്യുകയോ കൃഷി ചെയ്യുകയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്ന സ്ഥിതിയാണിന്നുള്ളത്.
തദ്ദേശ ഭരണസ്ഥാപനങ്ങള്‍, വില്ലേജ് ആപ്പീസുകള്‍ രജിസ്ട്രേഷന് വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെങ്കിലും അറിയാതെ നദീതീര കയ്യേറ്റം സാധ്യമല്ല എങ്കിലും സംസ്ഥാനത്തെ നദീതീര കയ്യേറ്റങ്ങളുടെ സ്ഥിതി പാരമ്യത്തിലാണ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി തദ്ദേശം മുതല്‍ സംസ്ഥാനതലംവരെയുള്ള സര്‍ക്കാര്‍ വകുപ്പുകളും രാഷ്ട്രീയനേതാക്കളും ആവശ്യക്കാര്‍ക്ക് കൈയയച്ച് സഹായം നല്‍കിവരികയാണ്. പാറമട മുതലാളിമാര്‍, പാടം നികത്തുകാര്‍, വനഭൂമി കയ്യേറ്റക്കാര്‍ എന്നിവരെപ്പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പട്ടികയില്‍ കേരളത്തിലെ പ്രധാന ‘ജനമാണ്’ പുഴ കയ്യേറ്റക്കാരും. നാടിന്റെ നാഡീഞരമ്പുകളായ നദികളെ ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുന്നവരെ കൈയയച്ച് സഹായിക്കുക എന്ന സമീപനവും നയവുമാണ് ഈ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നദികളില്‍ ജലം ഒഴുകണമെങ്കില്‍ നദീതീരങ്ങളും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിക്കപ്പെടണം.
നദിയുടെ ഇക്കോസിസ്റ്റത്തിന്റെ പ്രധാന കണ്ണികളാണിവരണ്ടും. നദീതീരങ്ങള്‍ മിക്കവാറും പുറമ്പോക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. മഴക്കാലങ്ങളില്‍ സമീപപ്രദേശങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന ജലം അരുവികളായും നീര്ചാലുകളായും നദികളില്‍ എത്തിച്ചേരുമ്പോള്‍ നദികള്‍ വീതിയില്‍ ഒഴുകുവാന്‍ തുടങ്ങും. ഇങ്ങനെ ഒഴുകുന്ന ജലത്തിന് പരന്നൊഴുകുവാന്‍ ഇടംനല്‍കുന്ന പ്രദേശങ്ങളാണ് നദീതീരങ്ങള്‍. അതുകൊണ്ട് തന്നെ മഴക്കാലങ്ങളിലെ നദികളുടെ ജലമൊഴുക്കിന്റെ രീതിയിലല്ല വേനല്‍ക്കാലങ്ങളില്‍ പുഴ ഒഴുകുക. വരള്‍ച്ചാകാലങ്ങളില്‍ നദികള്‍ വളരെ ചുരുങ്ങി ഒതുങ്ങിയാണ് ഒഴുകുക. ഈ കാലയളവില്‍ നദീതീരങ്ങളില്‍ ഉയര്‍ന്നുവരുന്ന കരപ്രദേശത്തെ വെള്ളപ്പൊക്ക പ്രതലം അഥവാ ഫ്ളെഡ് പ്ലെയിന്‍ എന്നാണ് വിളിക്കുക. ഈ പ്രദേശങ്ങളാണ് നദീതീര കയ്യേറ്റത്തിന്റെ പിടിയിലൊതുങ്ങുന്നത്. മണല്‍വാരി നദികളുടെ ആഴം വര്‍ധിക്കുമ്പോഴും നദീതീരം വേനലില്‍ തരിശ്ശായി തോന്നും. എന്നാല്‍ ഈ പ്രദേശംകൂടി ചേര്‍ന്നതാണ് യഥാര്‍ത്ഥ നദീതടം. ഈ തീരങ്ങളിലെ നീര്‍ച്ചാലുകളിലൂടെ ഒഴുകിയെത്തുന്ന ജലമാണ് നദികളിലെ ഒഴുക്ക് നിലനിര്‍ത്തുന്നത്.
ആയതിനാല്‍ നദീതീരം കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയെന്നത് തികച്ചും അശാസ്ത്രീയവും നദീതീര കയ്യേറ്റത്തിനുള്ള ആദ്യപടിയുമാണ്.
നദീതീരം നികത്തി റോഡുനിര്മിക്കുന്നതും നദിയിലോട്ടു ഇറക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിയമപ്രകാരം കുറ്റകരമാണ്. നദീതീരങ്ങളില്‍ നിന്നും 50 മീറ്ററില്‍ കുറയാത്ത ദൂരംവിട്ട് മാത്രമേ നിര്‍മിതികള്‍ ഉണ്ടാക്കുവാന്‍ അനുവാദമുള്ളൂ. നദികള്‍ കായലിലും കടലിലും ചെന്നുചേരുന്ന പ്രദേശങ്ങളിലെ നദികളുടെ മുഖങ്ങള്‍ വേലിയേറ്റ പ്രഭവകേന്ദ്രങ്ങളാകയാല് തീരദേശ സംരക്ഷണ നിയമം ഇത്തരം സ്ഥലങ്ങളില്‍ ബാധകവുമാണ്. അവിടങ്ങളില്‍ നിര്‍മാണത്തിന് 100 മീറ്റര്‍ വിടണം. എങ്കിലും ഉദ്യോഗസ്ഥര്‍ നിയമം വ്യാഖ്യാനിക്കുന്നതനുസരിച്ച് കയ്യേറ്റക്കാര്‍ക്ക് നദീതീരം വളച്ചുകെട്ടുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അനുമതി ലഭിക്കുന്ന സ്ഥിതിയിലാണ്. ഫഌറ്റുകളും കൂറ്റന്‍ കെട്ടിടങ്ങളും നദീതീരത്ത് പടുത്തുയര്‍ത്തുന്നത് നദിയുടെ തീരം കയ്യേറാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ്. പല ഫഌറ്റുകളും നദീതീരം കയ്യേറി പാര്‍ക്കിങ് സൗകര്യങ്ങളും പാര്‍ക്കുകളും കുളിക്കടവുകളും ബോട്ടുജെട്ടികളും വരെ പണിതീര്‍ത്തിരിക്കുന്നത് നിയമലംഘനമാണ്.
അഴിമതിയില്‍ കുളിച്ച ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. മന്ത്രിമാര്‍ നോട്ട് എണ്ണുന്ന മിഷ്യന് വെച്ചിട്ടാണ് കൈക്കൂലി വാങ്ങുന്നത് എന്ന് കോടതികള്‍വരെ സാക്ഷ്യപ്പെടുത്തുന്ന ഒരു ഭരണം. അതുകൊണ്ടുതന്നെ ശതകോടീശ്വരന്മാര്ക്ക് നദീതീര കയ്യേറ്റത്തിനും വനംകയ്യേറ്റത്തിനും കളമൊരുക്കിയിരിക്കയാണ്. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വന്‍ ഇളവുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഭൂവിനിയോഗനിയമം, റവന്യൂചട്ടങ്ങള്, കെട്ടിടനിര്‍മാണ ചട്ടങ്ങള്‍, നദീസംരക്ഷണ നിയമങ്ങള്‍, മണല്‍വാരല്‍ നിയന്ത്രണനിയമങ്ങള്‍, തണ്ണീര്‍ത്തട സംരക്ഷണനിയമങ്ങള്‍ തുടങ്ങി ഒട്ടനവധി ഭൂസംരക്ഷണനിയമങ്ങള് കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ഉത്തരവുകളിറക്കി നടത്തുന്ന ഭരണമാണിന്ന് കേരളത്തില്‍ നടക്കുന്നത്. ആയതിനാല്‍ അനധികൃത കയ്യേറ്റങ്ങള്‍ തടയുവാനായി ചെറുവിരല്‍ അനക്കുവാന്‍പോലും സര്‍ക്കാര്‍ തുനിയുന്നില്ല.
നദീതീരങ്ങള്‍ കയ്യേറി നെല്ല്, മഞ്ഞള്‍, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യുവാന്‍ ഭവാനിപുഴയുടെ തീരം അനധികൃതമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടിയതോതിലുള്ള രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും നദീതീരകൃഷിയ്ക്കായി ക്രമാതീതമായി ഉപയോഗിക്കുന്നതിനാല്‍ നദികള്‍ മാരകരാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടുകയാണ്. ഇത്തരം ജലമാണ് പല പ്രദേശങ്ങളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നത്.
കൃഷിതീര്ന്നാല് ജൈവമാലിന്യങ്ങള്‍ തള്ളുന്നത് നദികളിലാണ്. മഴക്കാലമായാല്‍ മണ്ണില്‍നിന്ന് ഊറിക്കിടക്കുന്ന മാരകവിഷമാലിന്യങ്ങള്‍ നദികളുടെ താഴ്ന്ന ഭാഗങ്ങളിലും എത്തിച്ചേരും. ഖജനാവ് ചോര്‍ത്തുന്ന ഒരു വസ്തുത നദീതീരങ്ങളില്‍ അനധികൃതമായി നടത്തുന്ന കൃഷിഭൂമി മഴക്കാലങ്ങളില്‍ ജലം വന്ന് മൂടിപ്പോകുമ്പോള്‍ കയ്യേറ്റ കര്‍ഷകര്‍ കൃഷി നശിച്ചുവെന്ന വ്യാജേന നഷ്ടപരിഹാരവും കൈപ്പറ്റുന്നു എന്നതാണ്. ചാലക്കുടി പുഴയുടെ തീരം കയ്യേറിയിരിക്കുന്നത് റിസോര്‍ട്ട് മാഫിയയും വാട്ടര്‍ തീം പാര്ക്കുകാരുമാണ്. പുഴത്തീരം കയ്യേറി നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ട ഒത്താശ ചെയ്യുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ്. ചാലക്കുടിപുഴ തീരം കയ്യേറി ആത്മീയ കച്ചവടം നടത്തുന്ന സ്പിരിച്വല്‍ സെന്ററുകളും ഉണ്ടെന്നത് കൗതുകകരമാണ്. ചാലക്കുടിപുഴ തീരത്തെ ഉദ്ദേശം 26 കി.മീറ്റര്‍ നീളത്തില്‍ ഇത്തരം കപട ആദ്ധ്യാത്മിക സെന്ററുകള്‍ അവരുടെതായി വളച്ചുകെട്ടി ഉപയോഗിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുഴ ഒഴുകുന്ന പരിയാരം പഞ്ചായത്തിലും മറ്റു പുഴ തീരങ്ങളിലും നടന്നുവരുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ക്ക് വൈമനസ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
കല്ലായി പുഴയുടെ തീര കയ്യേറ്റക്കാരുടെ പകല്‍ക്കൊള്ള കണ്ടില്ലെന്ന് നടിക്കുകയാണ് റവന്യൂ വകുപ്പ് ചെയ്യുന്നത്. ജനകീയ സമിതികള്‍ കയ്യേറ്റങ്ങളുടെ വ്യാപ്തിയും കയ്യേറ്റ സ്ഥലങ്ങളും വകുപ്പിനെ അറിയിച്ചിട്ടുപോലും യാതൊരു നടപടിയുമില്ല. ചാലിയാര്‍ പുഴ, പൂനൂര് നദി, മാമ്പുഴ, കുറ്റിയാടി നദി എന്നീ നദികളുടെ തീരങ്ങളും അധികാരികളുടെ ഉത്സാഹക്കുറവും നിയമം നടപ്പാക്കാനുള്ള വൈമനസ്യവും കാരണം സ്വകാര്യവ്യക്തികളുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണ്.
നദികള്‍ സംരക്ഷിക്കുവാന്‍ നദീതസംരക്ഷണ ഫണ്ട് ലഭ്യമായിട്ടുപോലും കേരളത്തിലെ നദികള്‍ മലിനീകരണം മൂലവും കയ്യേറ്റം മൂലവും നാശോന്മുഖമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പെരിയാറിന്റെ പെരുമ്പാവൂര്‍-ആലുവ തീരങ്ങളില്‍ 200 അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സുകളും 80 മുതല്‍ 150 സ്വകാര്യ കെട്ടിടങ്ങളും നദീതീരം കയ്യേറി നിര്മിക്കപ്പെട്ടിരിക്കയാണ്. കയ്യേറ്റം നടത്തി, കെട്ടിടങ്ങള്‍ നിര്‍മിച്ച് ഉപയോഗം തുടങ്ങിയശേഷവും റവന്യൂ വകുപ്പോ ജില്ലാ ഭരണകൂടങ്ങളോ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളോ ഇതൊന്നും തിരിച്ചറിയുന്നില്ലെന്നത് നാട്ടിലെ അഴിമതിയുടെ ആഴം മനസ്സിലാക്കാന്‍ ഉതകുന്നതാണ്. ആലുവ പാലത്തില്‍നിന്നാല്‍ പോലും ഉളിയന്നൂര്‍ ദ്വീപിലും മാര്‍ത്താണ്ഡവര്‍മ പുഴ തീരങ്ങളിലും തീരദേശ സംരക്ഷണനിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാണാവുന്നതാണ്. 100 മീറ്റര്‍ വരെ പുഴത്തീരത്തുനിന്നോ പുഴയുടെ മധ്യഭാഗത്തുനിന്നോ വിട്ടിട്ടുവേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എന്ന തീരദേശ സംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ ഇവിടങ്ങളില്‍ ഒരു സ്ഥലത്തും പാലിക്കപ്പെടുന്നില്ല. പെരിയാര്‍ നദിയില്‍ ഏതാണ്ട് മലയാറ്റൂര്‍ വരെ ഉപ്പുവെള്ളക്കയറ്റം നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളൊക്കെ വേലിയേറ്റ പ്രഭവ പ്രദേശങ്ങളായിട്ടാണ് കണക്കാക്കുന്നത്.
ഇടുക്കി ജില്ലയിലെ നദികളുടെ വൃഷ്ടിപ്രദേശങ്ങളിലും നദീതീരങ്ങളിലും നടന്നിരിക്കുന്ന കയ്യേറ്റങ്ങള്‍ അതിഭീകരമാണ്. കീഴാനൂര്‍, കാന്തല്ലൂര്‍, വട്ടവട, കോട്ടകംപൂര്, മറയൂര്‍ തുടങ്ങിയ മേഖലകളില്‍ നദീതീരങ്ങളും വനഭൂമിയും കയ്യേറി യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷി ചെയ്യുന്ന വാര്‍ത്ത വന്നിട്ടുപോലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. 20000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ കയ്യേറിയതായി വാര്‍ത്തയുണ്ടായിരുന്നു. ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി കണ്ടെത്തുവാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമത്തിനിടയാണ് അര്‍ഹതപ്പെട്ട ദളിത്-ആദിവാസികള്‍ക്ക് ലഭ്യമാകേണ്ട ഭൂമി തല്‍പ്പര കക്ഷികള്‍ കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകന് നടത്തിയ ചാലക്കുടി പുഴയുടെ തീരത്തെ കയ്യേറ്റത്തെക്കുറിച്ച് റവന്യൂവകുപ്പ് അന്വേഷണം നടത്തിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ 20 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ ഭിത്തി നദിയിലോട്ട് ഇറക്കിക്കെട്ടിയതായും കണ്ടെത്തിയിരിക്കുന്നു. കല്ലായിപ്പുഴ തീരത്തെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുവാന്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. തിരുവനന്തപുരം നഗരത്തിലൂടെ കടന്നുപോകുന്ന കിള്ളിയാറും കരമനയാറും നദീതീര കയ്യേറ്റങ്ങളുടെ പിടിയിലാണ്. ജനങ്ങള്‍ നേരിട്ട് പുഴകളിലേക്ക് മാലിന്യം തള്ളുന്നതും ഈ പുഴകളില്‍ ദൃശ്യമാണ്. അതുകൊണ്ട് ഈ രണ്ട് പുഴകളും നഗരപ്രദേശത്ത് കറുത്തിരുണ്ട് ഒഴുകുകയും ജലം കെട്ടിക്കിടക്കുകയും ചെയ്യുന്നു. കിള്ളിയാറിന്റെ മൈലാടി കടവു മുതല്‍ ഐറാണിമുട്ടംവരെ നദി മരിച്ചനിലയിലാണ്. ജഗതി, വലിയശാല, ഐറാണിമുട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ഖര-ദ്രവ മാലിന്യ ഒലിച്ചിറങ്ങലും നദിയുടെ കയ്യേറ്റം മൂലമുള്ള വീതികുറവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പമ്പയുടെയും മണിമലയാറിന്റെയും തീരങ്ങള്‍ വളച്ചുകെട്ടിക്കൊണ്ട് തെങ്ങ് നട്ട് കരഭൂമിയാക്കിയിരിക്കുകയാണ്. കാലങ്ങളായി കൈവശഭൂമിയാണെന്ന് തെളിയിക്കുവാനായി കൈത, മറ്റ് മരങ്ങള്‍, തെങ്ങ് എന്നിവ ചുവടോടെ പറിച്ചു കയ്യേറ്റ ഭൂമികളില്‍ നടുന്നത് പതിവാണ്. റവന്യൂ ഉദ്യോഗസ്ഥരെ (അവര്‍ക്ക് വസ്തുത അറിയാമെങ്കിലും) അറിഞ്ഞുകൊണ്ട് കബളിപ്പിക്കുന്ന ഒരു ഏര്‍പ്പാടാണിത്. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ കുടിവെള്ള സ്രോതസ്സായ ഭാരതപ്പുഴയുടെ തീരവും കയ്യേറ്റക്കാരുടെ പിടിയിലാണ്. നദിയില്‍ ഒഴുക്ക് കുറയുന്നതനുസരിച്ച് കയ്യേറ്റവും കൂടിവരികയാണ്. കല്‍പ്പാത്തി, ചിറ്റൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നദീതീര കയ്യേറ്റം നദിയുടെ ഒഴുക്കിനെ തന്നെ ബാധിച്ചിരിക്കയാണ്. ഭാരതപ്പുഴയുടെ കൈവഴിയായ ഗായത്രിപുഴയുടെ തീരവും കയ്യേറ്റക്കാരുടെ പിടിയിലാണ്. വളരെ ഗൗരവതരമായ നദീതീര കയ്യേറ്റ പ്രശ്നം സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. നദികള്‍ മരിക്കുവാന്‍ കാരണമായ മണല്‍വാരലും മലിനീകരണവും കയ്യേറ്റവും തടയുവാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കണം. കയ്യേറ്റങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഒഴിപ്പിച്ചെടുത്തെ മതിയാകൂ. നദികള്‍ സ്വച്ഛമായി ഒഴുകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: