നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ബീഹാറില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ചിരിക്കുന്നത് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ അഴിമതിക്കേസില്‍ കോടതി ജയിലില്‍ അടച്ചതിനെത്തുടര്‍ന്ന് അധികാരവും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശവും പോയ ലാലു വര്‍ഷങ്ങളായി അധികാരത്തിനു പുറത്തായിരുന്നു.
കോടികളുടെ കാലിത്തീറ്റക്കേസിലാണ് ലാലുവിനെ കോടതി ജയിലില്‍ അടച്ചത്. രാജ്യത്ത് ഇതാദ്യമായിട്ടായിരുന്നു ഒരു ദേശീയ നേതാവിനെ അഴിമതിക്കേസില്‍ ജയിലില്‍ അടയ്ക്കുന്നത്. പിന്നീട് ബിജെപി-നിതീഷ് സഖ്യം ബീഹാറില്‍ അധികാരം പിടിച്ചെടുത്തു. ഈ സഖ്യമാണ് സമീപകാലം വരെ ബീഹാര്‍ ഭരിച്ചത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചണ് ബിജെപി സഖ്യം നിതീഷ് വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൈവരിച്ചതോടെ നിതീഷ് നിതാന്തശത്രുവായ ലാലുവില്‍ അഭയം കണ്ടെത്തുകയായിരുന്നു. ലാലുവിന്റെ അഴിമതിയെല്ലാം മറന്ന്, നിതീഷ് ലാലുവുമായി സഖ്യമുണ്ടാക്കി.
ഫലത്തില്‍ നിതീഷും കോണ്‍ഗ്രസും മറ്റുള്ളവരും ചേര്‍ന്ന് വലിയ അഴിമതിക്കാരനെയാണ് വീണ്ടും സജീവമാക്കി രംഗത്തിറക്കിയത്. പത്തു വര്‍ഷമായി അധികാരത്തിന്റെ അടുത്തൊന്നും എത്താന്‍ കഴിയാതിരുന്ന, കോടതി തന്നെ അഴിമതിക്കാരനെന്നു മുദ്രകുത്തിയ ലാലുവങ്ങനെ വീണ്ടും അധികാരത്തിന്റെ സോപാനത്തില്‍ എത്തി.
നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് ലാലു പറയുന്നുണ്ടെങ്കിലും മഹാസഖ്യത്തില്‍ ലാലുവിന്റെ പാര്‍ട്ടിക്കാണ് സീറ്റുകള്‍ കൂടുതല്‍. ലാലുവിന് 80 സീറ്റുകളും നിതീഷിന് 72 സീറ്റുകളുമാണ് ലഭിച്ചത്. ഇത് ലാലുവിനെ കരുത്തനാക്കും. നിതീഷിനെ ദുര്‍ബലനും. മുഖ്യമന്ത്രി സ്ഥാനം പങ്കിടണം, ഉപമുഖ്യമന്ത്രി സ്ഥാനം വേണം, തന്റെ രണ്ടു മക്കളെയും മന്ത്രിമാരാക്കണം, തന്റെ അനുയായികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കണം തുടങ്ങിയ തരത്തിലുള്ള ആവശ്യങ്ങള്‍ ലാലു ഉന്നയിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. വലിയ ഭൂരിപക്ഷം ഉള്ളതിനാലും ജനാഭിപ്രായം നഷ്ടപ്പെടുമെന്നതിനാലും തത്ക്കാലം ലാലു വലിയ കുടുംപിടിത്തത്തിനൊന്നും പോകാനിടയില്ല. എന്നാല്‍ വളരെ വൈകാതെ സഖ്യത്തില്‍ വിള്ളലുകള്‍ വീഴുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
രാജ്യമൊട്ടാകെ അഴിമതിക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പോരാടുമ്പോള്‍ ബീഹാറില്‍ നിതീഷും കൂട്ടരും അഴിമതിക്കാരനെ വീണ്ടും അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിച്ചിരിക്കുകയാണെന്ന വൈരുദ്ധ്യമാണ് മുഴച്ചുനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: