പറവൂര്‍: അമ്പത്തിയൊന്ന് വര്‍ഷമായി ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് കോട്ടയായ വടക്കേക്കരയില്‍ ബിജെപിക്കുണ്ടായ വിജയത്തില്‍ സിപിഎം അമ്പരന്നു. ബിജെപിയുടെ വിജയതന്ത്രം അന്വേഷിച്ച് തലപുകയ്ക്കുകയാണ് സിപിഎം ഇപ്പോള്‍. 20 വാര്‍ഡുകള്‍ ഉള്ള വടക്കേക്കരയില്‍ 11 വാര്‍ഡ് എല്‍ഡിഎഫും അഞ്ച് വാര്‍ഡ് യുഡിഎഫും 4 വാര്‍ഡുകള്‍ ബിജെപിയും സ്വന്തമാക്കി.
അമ്പത്തിയൊന്ന് വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് അഹങ്കാരവും സാധാരണക്കാരായ ജനങ്ങളെ മറന്നതും സിപിഎമ്മിന് വിനയായി മാറി. തൊഴിലാളി വര്‍ഗ പാര്‍ട്ടി പഞ്ചായത്ത് ഭരിച്ചിട്ട് പരമ്പരാഗത തൊഴില്‍ വ്യവസായങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കിയതും പാര്‍ട്ടി നേതാക്കള്‍ സുഖലോലുപരും സമ്പന്നരുമായതും അഴിമതിക്കാര്യത്തില്‍ മത്സരമായി മാറിയതുമൊക്കെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായി മാറി.
സുനാമിബാധിത പ്രദേശമായ വടക്കേക്കരയില്‍ അനുവദിച്ച പല ഫണ്ടുകളും വകമാറ്റി ചെലവഴിച്ചു. പല വികസന ഫണ്ടുകളും പാര്‍ട്ടി അംഗങ്ങളുടെ വികസനത്തിനായിട്ടാണ് ചെലവഴിച്ചത്. ഇതെല്ലാം ജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് കാരണമായി. മറുവശത്ത് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും സംഘപരിവാര്‍ സംഘടനകള്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചതിന് തെളിവാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിജയം.
ഗ്രാമങ്ങളിലെ പിന്നാക്കക്കാര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ്ഭാരത്, ജന്‍-ധന് യോജന, ഇന്‍ഷുറന്‍സ് പദ്ധതികള്‍, സുകന്യ സമൃദ്ധി ശൗചാലയ നിര്‍മാണം, മുദ്രാബാങ്ക് എന്നീ ജനകീയ പദ്ധതികളുമായി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതും വിജയത്തിന് ഒരു കാരണമായതായി ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഒ.വി.ബൈജു പറഞ്ഞു. കൂടാതെ എസ്എന്‍ഡിപിയുടെ കുടുംബയൂണിറ്റുകളുടെയും മറ്റു സമുദായ സംഘടനകളുടെ സഹായവും വിജയത്തിന് സഹായകരമായി.
ബിജെപി രണ്ടാംസ്ഥാനത്ത് വന്ന 10, 13, 15, 16 എന്നീ വാര്‍ഡുകളില്‍ ബിജെപിയുടെ വിജയത്തിന് തടയിടുവാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചതായും സൂചനയുണ്ട്. ഇവിടങ്ങളിലെല്ലാം 150 നും 100 നും താഴെ വോട്ടുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. വടക്കേക്കര പഞ്ചായത്തില്‍ ശക്തമായ പ്രതിപക്ഷമായി മാറുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: