തൃപ്പൂണിത്തുറ: ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയ മന്ത്രി കെ. ബാബുവിന്റെ മണ്ഡലത്തിലെ തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി നടത്തിയ വന്‍ മുന്നേറ്റം യുഡിഎഫിന്റെ അഴിമതിക്കും ഇടത് മുന്നണിയുടെ ഒത്ത് തീര്‍പ്പ് സമരങ്ങള്‍ക്കുമുള്ള താക്കീതായി. ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി മുന്നണികളെ ഞെട്ടിച്ച് 13 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി. ആകെ 11885 വോട്ടുകളാണ് ബിജെപി നേടിയത്. ഭരണം നഷ്ടപ്പെട്ട യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
നാലോളം സീറ്റുകളില്‍ അഞ്ച് വോട്ടുകളില്‍ താഴെയാണ് ബിജെപി പിന്നിലായത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മന്ത്രി ബന്ധുവും പരാജയപ്പെട്ടവരില്‍പ്പെടുന്നു. 26 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് മുഴുവന്‍ സീറ്റില്‍ മത്സരിച്ചിട്ടും 11 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. നഗരസഭാ ചെയര്‍മാനായിരുന്ന ആര്. വേണുഗോപാല്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് വി.ആര് വിജയകുമാറിനോട് ദയനീയമായി പരാജയപ്പെട്ടു. നഗരത്തിലെ വാര്‍ഡുകളായ അമ്പലം, ചക്കംകുളങ്ങര, താമരകുളങ്ങര എന്നിവിടങ്ങളിലെല്ലാം ബിജെപി വന്‍ വിജയം നേടി. മുന്‍ യുഡിഎഫ് കൗണ്‍സിലര്‍മാരായ മീരബാബു, ടി.കെ സുരേഷ്, രോഹിണി രാമകൃഷ്ണന്, പുഷ്പാമണി, ബിന്ദു തമ്പി എന്നിവരും അഡ്വ. എസ് മധുസുദനന്‍, ശശി വെള്ളക്കാട് എന്നീ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ബിജെപിയുടെ പടയോട്ടത്തില്‍ പരാജയപ്പെട്ടു. വലിയതറ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രോഹിണി രാമകൃഷ്ണന് നാലാമതായി. സ്വതന്ത്ര കൗണ്‍സിലറായിരുന്ന സുബ്ബലക്ഷ്മിയും തോല്‍വിയറിഞ്ഞു. രാധിക വര്‍മ്മ, രജനി ചന്ദ്രന്, വേണുഗോപാലന്‍, രാജശ്രി ചാലിയത്ത്, വല്ലി രവി, വിജയശ്രി കെ.ആര്, സിന്ധുമധുകുമാര്, ബൈജു എ.വി, വിജയകുമാര്‍ വി.ആര്, അരുണ്‍.എസ്, വല്ലി മുരളീധരന്, സീന സുരേഷ്, ജെഷീര്‍ എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍.
സംസ്ഥാന സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ ബാര്‍ കോഴയില്‍ കെ. ബാബുവും ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയതായി പുറത്ത് വന്നിരുന്നു. എന്നാല്‍ അധികാരത്തിന്റെ ബലത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ബാര്‍ കോഴക്കേസില്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ ജനകീയ കോടതിയില്‍ കാണാമെന്നായിരുന്നു സര്‍ക്കാരിന്റെ വെല്ലുവിളി. സ്വന്തം മണ്ഡലത്തിലേറ്റ കനത്ത പരാജയം ബാബുവിനുള്ള ജയകീയ കോടതിയുടെ വിധിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ‘മാതൃക’ പിന്തുടര്ന്ന് നഗരസഭയിലും വന്‍ അഴിമതിയാണ് കോണ്‍ഗ്രസ്സ് നടത്തിയത്. മുന്‍സിപ്പല്‍ ചെയര്‍മാനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയും ചെയ്തു.
എല്‍ഡിഎഫില്‍ നിന്നും ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ തവണ യുഡിഎഫ് നഗരഭരണം പിടിച്ചെടുത്തത്. സംസ്ഥാനത്തും നഗരസഭയിലും യുഡിഎഫിന്റെ അഴിമതിക്കെതിരെ ശക്തമായ സമരം നടത്താതെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ഇടത് മുന്നണി പയറ്റുന്നത്. ഇതിനെതിരായ ജനവികാരമാണ് വിധിയില്‍ പ്രതിഫലിച്ചത്. ഭരണ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. മുന്നണികളെ മാത്രം പിന്തുണക്കുകയെന്ന പതിവ് രീതി ജനങ്ങള്‍ ഉപേക്ഷിച്ചതിന്റെ വ്യക്തമായ തെളിവാണ് ബിജെപിയുടെ മുന്നേറ്റം. ഭരണം പിടിക്കാനായെങ്കിലും തിളക്കമില്ലാത്ത വിജയമാണ് ഇടത് മുന്നണിക്ക്. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുടെ പിന്തുണയും ബിജെപിക്ക് കരുത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: