പേയാട്: സ്വന്തം കുലത്തൊഴിലിന് ഏകീകൃത പാഠഭാഗമെഴുതി തലമുറകള്‍ക്ക് തുടര്‍ വിദ്യ പകര്‍ന്ന് ചന്ദ്രേട്ടന്. പാദരക്ഷയും തുകല്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുവാന്‍ സാങ്കേതിക പരിജ്ഞാനം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1994 ലാണ് പേയാട് ബിപി നഗര്‍ ലക്ഷ്മി ഭവനില്‍ ചന്ദ്രശേഖരന് (71) തന്റെ അറിവുകള്‍ കടലാസില്‍ പകര്‍ത്തിയത്.
പാദരക്ഷ നിര്‍മ്മാണവും ബാഗ് നിര്‍മ്മാണവും തുടര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഒരു ഏകീകൃത പാഠന സഹായി തേടിനടക്കുമ്പോഴാണ് ചന്ദ്രശേഖരനെ കുറിച്ച് കേള്‍ക്കുന്നത്. വൈകാതെ ചന്ദ്രശേഖരന് എഴുതിയ കുലത്തൊഴിലിനെ കുറിച്ചുള്ള കുറിപ്പുകള്‍ റിസോഴ്സ് സെന്റര്‍ പുസ്തകമാക്കി. നാട്ടിന്‍പുറങ്ങളിലെ പാവങ്ങള്‍ക്ക് സൗജന്യ പഠനത്തിന് നല്‍കാനെന്നു പറഞ്ഞതിനാല്‍ പ്രതിഭലമൊന്നും വാങ്ങാതെയാണ് ചന്ദ്രേട്ടന് വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ എഴുതിയുണ്ടാക്കിയ ആധികാരിക രേഖകള്‍ സെന്ററിന് നല്‍കിയത്. പിന്നിട് ഈ പുസ്തകം 20 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ബുക്ക് ഡിപ്പോകള്‍ വഴി വിറ്റഴിക്കുന്നതെന്ന് അറിഞ്ഞിട്ടും ചന്ദ്രേട്ടന് പരിഭവിച്ചില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഈ പുസ്തകം ആയിരകണക്കിന് കോപ്പി വിറ്റഴിക്കപ്പെട്ടെങ്കിലും ചന്ദ്രശേഖരനെന്ന പാവം ചെരിപ്പുകുത്തിയ്ക്ക് കാല്ക്കാശിന്റെ പ്രയോജനം ലഭിച്ചില്ല. തന്റെ കുലത്തൊഴില്‍ തലമുറകള്‍ക്ക് പാഠ്യവിഷയമാകണം എന്നതൊഴികെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല നാട്ടുകാരുടെ ചന്ദ്രേട്ടനെന്ന ഈ വയോധികന്.
1999 ല്‍ തുന്നല്‍ യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കുവാനും തയ്യല്‍ ജോലി അനായാസമാക്കാനും ഉതകുന്ന ആശയങ്ങള്‍ കോര്‍ത്തിണക്കി ഒരു പഠന രേഖയും ചന്ദ്രശേഖരന് എഴുതിയുണ്ടാക്കി. ഇപ്പോള്‍ പോളിടെക്നിക്കിനു കീഴിലുള്ള സാമൂഹ്യ തുടര്‍ പഠന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ തയ്യല്‍, പാദരക്ഷ, തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിവരികയാണ് ചന്ദ്രേശേഖരന്‍. പിതാവ് ഗോപാലനാണ് ചന്ദ്രശേഖരന്റെ ഗുരു. ഗോപാലന്റെ മരണശേഷം ചന്ദ്രശേഖരന് കുലത്തൊഴില്‍ ചെയ്യുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും സമയം കണ്ടെത്തുകയായിരുന്നു. ഖാദി കമ്മീഷനു കീഴില്‍ ആള് കേരള ലതര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സ്ഥാപിച്ച് സംസ്ഥാനത്താകമാനം തുകല്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും തുടക്കം കുറിച്ചത് ചന്ദ്രശേഖരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: