കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില പ്രശസ്തരും ഭാഗ്യം പരീക്ഷിക്കുകയുണ്ടായി. അവരില്‍ പലര്‍ക്കും ഫലം വന്നപ്പോള്‍ നിരാശപ്പെടേണ്ടിവന്നു. ടെലിവിഷന്‍ അവതാരകയും സീരിയല്‍ താരവുമൊക്കെയായ വീണാ നായര്‍, പ്രശസ്ത നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി എന്നിവര്‍ തോല്‍വിയുടെ കയ്പ്പ് അറിഞ്ഞവരില്പ്പെടുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച വീണ 125 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ ബിന്ദു ശ്രീകുമാറിനോട് തോറ്റു. എറണാകുളം ജില്ലാ പഞ്ചായത്തിലെ കീഴ്മാട് ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ ഇടതുപക്ഷത്തിനുവേണ്ടി പടവെട്ടിയ മമ്മി സെഞ്ച്വറി (മുഹമ്മദ് കുഞ്ഞ് സുലൈമാന്‍) തോറ്റത് കോണ്‍ഗ്രസിന്റെ അഡ്വ. അബ്ദുള്‍ മുതലിബ്നോടും. 3236 വോട്ടുകളുടെ വ്യത്യാസം.
പോള്‍ ചെയ്തതില്‍ മുതലിബ്ന് 18, 984 വോട്ടു ലഭിച്ചപ്പോള്‍ മമ്മി സെഞ്ച്വറിക്ക് 14, 748 പേരുടെ പിന്തുണ മാത്രം. നടനും നിര്‍മ്മാതാവുമായ കണ്ണന് പട്ടാമ്പി പാലക്കാട് തൃത്താല പഞ്ചായത്തിലെ കണ്ണന്നൂര്‍ വാര്‍ഡിലും ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട് ഡിവിഷനിലും തോല്‍വിയറിഞ്ഞു. അതേസമയം, പിന്നണി ഗായിക ദലീമ അരൂര്‍ വാര്‍ഡില്‍ നിന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: