ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരിന്റെ സാമ്പിള്‍ ഫലമാണിത്. പണ്ട് ഈ പരിപ്പ് ഇവിടെ വേവൂലാ എന്നായിരുന്നു പാട്ട്. പിന്നെ താമര വിരിയൂല്ലാ എന്നായി. എല്ലാ പാട്ടുകളും പാടിയവരെക്കൊണ്ടുതന്നെ മാറ്റിപ്പാടിക്കുകയാണ് കാലം. പട്ടാളക്കാരന്റെ മാര്‍ച്ചിംഗ് കമാന്‍ഡ് പോലെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്ന് മാത്രം പറഞ്ഞിരുന്ന കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു തിരുത്ത് ഉണ്ടാവുന്നു. വലത് എന്ന റൈറ്റ് അല്ല ശരി എന്ന റൈറ്റിലേക്ക് കേരളം പക്ഷംതിരിഞ്ഞ് ചായുന്നു എന്ന സൂചന ആവോളം നല്‍കുന്നുണ്ട് ഈ ത്രിതല തെരഞ്ഞെടുപ്പ്.
ഒന്നരവര്‍ഷം മുമ്പ് ഇന്ദ്രപ്രസ്ഥത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടില്‍ ശിരസ് തൊട്ട് നമസ്കരിച്ച് ജനാധിപത്യത്തില്‍ പ്രധാനസേവകന്റെ ഇടം തൊട്ട് കാണിച്ച നരേന്ദ്രദാമോദര്‍ദാസ് മോദിയില്‍ നിന്ന് തുടങ്ങിയതാണ് ശരിയുടെ പക്ഷത്തേക്കുള്ള പ്രകടമായ ഈ ചായ്വ്. ഒന്നരവര്‍ഷം ഒരുപാട് നേട്ടം. ജന്‍ധന്‍യോജന മുതല്‍ മുദ്രാബാങ്ക് വരെ സര്വസാധാരണക്കാരനിലേക്കെത്തുന്ന ജനക്ഷേമപദ്ധതികള്‍ കേരളവും ഹൃദയം തൊട്ടറിയുന്നു എന്ന ആശാവഹമായ സൂചനയുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍. മുസ്ലിം, ക്രിസ്ത്യന്‍ മേഖലകളിലേക്ക് ഹിന്ദുവര്‍ഗീയതയുടെ ഉമ്മാക്കികാട്ടി ഭയപ്പെടുത്താന്‍ ഇറങ്ങിയ മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ് നുണപ്രചാരകരെ ജനം നേരിട്ടത് അങ്ങ് അറേബ്യന്‍ നാടുകളില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ പണിയെടുക്കുന്ന ലേബര്ക്യാമ്പിലേക്ക് കൈവീശി കടന്ന് ചെന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്.
കേരളത്തിലാണ് തെരഞ്ഞെടുപ്പ്. ഭരിക്കുന്നത് ഉമ്മന്‍ചാണ്ടി. എന്നിട്ടും ആരും ബാര്‍കോഴയെക്കുറിച്ച്, സരിതയെക്കുറിച്ച്, സോളാര്കുംഭകോണത്തെക്കുറിച്ച്, ചക്കിട്ടപ്പാറ ഖനനത്തെക്കുറിച്ച്, മൂന്നാര്‍ സമരത്തെക്കുറിച്ച്, കാഷ്യൂകോര്‍പ്പറേഷന്‍ അഴിമതിയെക്കുറിച്ച്, ടൈറ്റാനിയം ക്രമക്കേടുകളെക്കുറിച്ച്, സലിംരാജിന്റെ ഭൂമിയിടപാടുകളെക്കുറിച്ച്, മന്ത്രിയുടെ ഓഫീസ് അടുക്കളയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട മധ്യവയസ്കയെക്കുറിച്ച്, അച്ചടി തീരാത്ത പാഠപുസ്തകങ്ങളെക്കുറിച്ച്, ശാലുമേനോന്റെ പാലുകാച്ചലിനെക്കുറിച്ച്, തിരുവഞ്ചൂര്‍ കുടിച്ച കരിക്കിനെക്കുറിച്ച്, ദേശീയഗെയിംസിന്റെ മറവിലെ അഴിമതിയെക്കുറിച്ച്, കണ്‍സ്യൂമര്‍ഫെഡിലെ വെട്ടിപ്പിനെക്കുറിച്ച്, ടി.പി. ചന്ദ്രശേഖരനേറ്റ 51 വെട്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. എല്ലാവര്ക്കും പോത്തിറച്ചിയിലായിരുന്നു താല്പര്യം.
കോഴയുടെ തമ്പുരാക്കന്മാര് ഭരണത്തിലിരുന്ന് കട്ടുമുടിച്ചതത്രയും വീതംവെച്ചെടുത്ത്, രാപ്പകല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കെട്ടിപ്പിടിച്ച് സത്യഗ്രഹം കിടന്ന്, നാടുനീളെ ഉപരോധം നടത്തി, നിയമസഭയ്ക്കകത്ത് കടിച്ചും പിടിച്ചും മുണ്ടുമടക്കിക്കുത്തി മേശപ്പുറം കയറിയുമെല്ലാം കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പില്‍ നാടുനീളെ പോത്തിറച്ചിമാഹാത്മ്യം മാത്രം. ഇടതിനും വലതിനും താമരപ്പേടി. മോദി ആരെയെങ്കിലും കണ്ടാല്‍, മോദിയെ ആരെങ്കിലും കണ്ടാല്‍ അവരെയൊക്കെ അധിക്ഷേപിച്ച് ഇല്ലാതാക്കാന്‍ കൂലിയെഴുത്തുകാരുടെയും മാധ്യമസഖാക്കളുടെയും കൂട്ട് പിടിച്ച് രാവെളുക്കുവോളം ചര്‍ച്ചകള്‍. സുരേഷ്ഗോപി മുതല്‍ വെള്ളാപ്പള്ളി നടേശന് വരെയുള്ളവരെ വേട്ടയാടാന്‍ കുരയ്ക്കുകമാത്രം ശീലമാക്കിയവരുടെ പട തന്നെ മുന്നിട്ടിറങ്ങി. ഇന്നലെവരെ ഒരു തെരഞ്ഞെടുപ്പിലും കാണാത്ത മട്ടില്‍ തൊണ്ണൂറ്റിരണ്ടുകാരനായ പ്രതിപക്ഷനേതാവിനെ സിപിഎം കയറൂരിവിട്ടു. പരനാറിയന്‍ വികടോക്തികളുടെ പ്രചാരകന്മാര് മാളത്തിലിരുന്ന് നേതാവിന്റെ മുഖവ്യായാമത്തിന് കയ്യടിച്ചു. കാളയും പോത്തും അറവുകാരും പള്ളിക്കൂട വരാന്തകള്‍ മുതല്‍ പൊതുനിരത്തുകള്‍ വരെ കയ്യേറി.
ദാദ്രിയിലും ഫരീദാബാദിലും ദല്‍ഹിയിലെ കേരളാഹൗസിലും അവര്‍ പാകംചെയ്തെടുത്ത കെട്ടുകഥകള്‍ നമ്മുടെ വീട്ടുമുറികളില്‍ എരിവും പുളിയും ആഭാസവും ചേര്‍ത്ത് വിളമ്പി. അതിനിടയില്‍ ഇങ്ങ് കൊച്ചുകേരളത്തില്‍ നമ്മുടെ കണ്മുന്നില് വനവാസി കുഞ്ഞുങ്ങള്‍ വിശപ്പടക്കാന്‍ മാലിന്യം വാരിക്കഴിച്ചു. ഇടുക്കിയില്‍ ദളിതന് കൊല്ലപ്പെട്ടു, റാന്നിയിലെ കോളേജില്‍ പീഡനം സഹിക്കാതെ ഒരു വിദ്യാര്‍ത്ഥി ആറ്റില്‍ചാടി മരിച്ചു, കോഴിക്കോട് ഫാറൂഖ് കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവേചനത്തിന്റെ ഫത്വ പ്രത്യക്ഷപ്പെട്ടു, കരുനാഗപ്പള്ളി കടലോരത്തെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ബന്ദികളാക്കപ്പെട്ടു… ഒന്നും വിഷയമായില്ല…
അസഹിഷ്ണുതയാണ് രാജ്യമെങ്ങും. സച്ചിദാനന്ദനും സാറാജോസഫും നിലവിളിശബ്ദവുമായി കേരളത്തിലെ ചാനലുകള്‍ തോറും കയറിയിറങ്ങി… എല്ലാവര്ക്കും ഒന്നുമാത്രമായിരുന്നു ഉന്നം. ബിജെപി. എന്നിട്ടെന്തായി…. കേരളം കാത്തിരുന്ന നല്ല നാളുകള്‍ക്ക് ഇനി എത്രകാലം എന്ന കണക്കുകൂട്ടലിലാണ് എല്ലാവരും. അസഹിഷ്ണുക്കള്‍ ശവക്കുഴികള്‍ തേടുകയാണ്. ഇനിയൊരു മടങ്ങിവരവില്ലാത്ത വിധം ജനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുകളഞ്ഞ കോണ്‍ഗ്രസ് എന്ന ദേശീയമാലിന്യം സംസ്കരിക്കപ്പെടാന്‍ പോകുന്നത് ഇവിടെയാണ്. ചത്ത എലിയെ വീട്ടില്‍ നിന്ന് തൂക്കിയെറിയുംപോലെ ലോകമാകെ കുഴിച്ചുമൂടപ്പെട്ടുപോയ കമ്മ്യൂണിസത്തിന്റെ പ്രാകൃതമായ അനുകരണവും അവസാനിക്കപ്പെടാന്‍ പോകുന്നു. ഇനി അവരുടെ ഐക്യമുന്നണിയുണ്ടാകും ബിജെപിക്കെതിരെ.
കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങളുടെ കാലം. രാഷ്ട്രീയ അയിത്തത്തിന്റെ ഇരുള്‍മറ ഭേദിച്ച് ബിജെപി മുഖ്യധാരയിലേക്ക് കടന്നുവന്നിരിക്കുന്നു. നേമവും നെയ്യാറ്റിന്‍കരയും അരുവിക്കരയും വ്യക്തിപ്രഭാവത്തിന്റെ മാത്രം പ്രകടനമാണെന്ന് ആശ്വസിച്ചവര്‍ക്ക് ഇപ്പോള്‍ കേരളമാകെ താമരക്കാലം കാണാനാണ് വിധി. ചുരുക്കത്തില്‍ അസഹിഷ്ണുക്കളുടെ എണ്ണം പെരുകുമെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: