തലശ്ശേരി: തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമുന്നേറ്റം ഇരു മുന്നണികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ചരിത്ര പ്രാധാന്യമേറെയുള്ള തലശ്ശേരി നഗരസഭയില്‍ ആറ് വാര്‍ഡുകളില്‍ വിജയിക്കുകയും 13 വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ബിജെപിയുടെ മുന്നേറ്റത്തില്‍ വിവിധ വാര്‍ഡുകളിലായി രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്താന്‍ ഇത്തവണ ആറ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. അതുപോലെ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളെയും 13 വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റാനും ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. ഇതാണ് ജമാഅത്തെ ഇസ്ലാമിയുമായി സംഖ്യമുണ്ടാക്കിയ യുഡിഎഫിനെയും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ എല്‍ഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ ചരിത്ര വിജയം അപ്രതീക്ഷിതമാണെന്നേ ഇരുമുന്നണികള്‍ക്കും പ്രാഥമികമായി പ്രതികരിക്കാനാവുന്നുള്ളൂ. കപടമതേതര സംരക്ഷകരായും ബിജെപിയെ ഹിന്ദു വര്‍ഗ്ഗീയ വാദികളായും ചിത്രീകരിച്ചു. തുടക്കം മുതല്‍ പ്രചരണ മത്സരം നടത്തിയ രണ്ടു മുന്നണികള്‍ക്കും ദേശസ്നേഹികള്‍ ഒന്നടങ്കം ചേര്‍ന്ന് നല്കിയ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറായിരിക്കുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയിലേക്ക് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം കുതിച്ചു നീങ്ങുമ്പോള്‍ നിസ്സാരവും ഒറ്റപ്പെട്ടതുമായ കാര്യങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ വഞ്ചിക്കുകയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും കാര്യം നേടിക്കളയാമെന്ന കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും വ്യാമോഹമാണ് കേരളത്തിലങ്ങോളമിങ്ങോളമെന്നപോലെ തലശ്ശേരി നഗരത്തിലും സംഭവിച്ചിരിക്കുന്നത്. ഇതില്കേവലം എണ്ണൂറോളം ഹിന്ദുവോട്ടും ആയിരത്തി ഇറുന്നൂറോളം മുസ്ലീം വോട്ടുമുള്ള ടെമ്പിള്‍ ഗേറ്റ് വാര്‍ഡില്‍ നടന്ന ത്രികോണ മത്സരത്തില്‍ അറുന്നൂറോളം വോട്ടു നേടിയാണ് ബിജെപിയുടെ ഇ.കെ. ഗോപിനാഥ് വിജയിച്ചത്. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് നിരവധി ദേശ സ്നേഹികളായ മുസ്ലീം ജനവിഭാഗവും ബിജെപിക്ക് താമര ചിഹ്നത്തില്‍ വോട്ടു ചെയ്യുന്നുവെന്നതാണ്. ബിജെപിയെ മുസ്ലീം വിരുദ്ധരായി ചിത്രീകരിച്ചുകൊണ്ട് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ള ചുട്ട മറുപടിയാണ് ഗോപിനാഥന്റെ അത്യുജ്ജ്വല വിജയമെന്നാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരന് സിപിഎം ശക്തികേന്ദ്രമായ ചെള്ളക്കരയില്‍ 379 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
മറ്റൊരു പ്രത്യേകത യുഡിഎഫിന് ആകെ കിട്ടിയ 11 വാര്‍ഡുകളില്‍ ഒരു പുരുഷ കൗണ്‍സിലര്‍ മാത്രമാണ് ജയിച്ചുകയറിയിരിക്കുന്നത്. 10 വനിതകളോടൊപ്പം ബാലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിലെ എം.പി.അരവിന്ദാക്ഷന് ജയിച്ചപ്പോള്‍ മുസ്ലീം ലീഗിന് ഒരു പുരുഷ സ്ഥാനാര്‍ത്തിയെ പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ബിജെപിയില്‍ ജയിച്ച 6 സ്ഥാനാര്‍ത്ഥികളില്‍ ഒരു വനിതയാണുള്ളത്. കുയ്യാല വാര്‍ഡില്‍ നിന്ന് ജയിച്ച പ്രേമലത.
തലശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതിയാണ് പരിതാപകരം. 52 വാര്‍ഡില്‍ അവര്‍ക്ക് നേടാന്‍ കഴിഞ്ഞത് കേവലം 3 സീറ്റ് മാത്രമാണ്, അതും യുഡിഎഫിന്റെ പേരില്‍ മുസ്ലീം ലീഗിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതുകൊണ്ടുമാത്രം. മുസ്ലീം ലീഗിനും സിപിഎമ്മിനും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ നേടാനായിട്ടുമില്ല. ചുരുക്കത്തില്‍ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് ബിജെപിയാണ്. ഇതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ദേശസ്നേഹികളായ തലശ്ശേരി നഗരത്തിലെ മാത്രമല്ല നാട്ടിലെ മുഴുവന്‍ ജനങ്ങളുമാണ്. കാരണം ബിജെപിയുടെ ഉശിരുള്ള അരഡസന്‍ കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്ത് അണിനിരക്കാനുണ്ടല്ലോ എന്നാണ് ജനങ്ങള്‍ ആശ്വസിക്കുന്നത്. കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെയായി തലശ്ശേരി നഗരത്തെ ഭരിച്ച് മുടിച്ച് വികസനം മുരടിപ്പിച്ച എല്‍ഡിഎഫിന് ഇത്തവണ തന്നിഷ്ടപ്രകാരം കളിക്കാന്‍ കഴിയില്ല എന്നത് തന്നെ. മറുഭാഗത്ത് യുഡിഎഫിലാണെങ്കില്‍ 10 വനിതകളെയും കൊണ്ട് ഒരു കോണ്ഗ്രസുകാരന് എന്തുചെയ്യും എന്ന ചിന്തയും. ഇവിടെയാണ് ബിജെപിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: