ചേര്‍ത്തല: മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ മലര്‍ത്തിയടിച്ച് പെരുമ്പളത്ത് ബിജെപിയുടെ തേരോട്ടം. ബിജെപി അരൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാറാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ജില്ലയുടെ വടക്കേ അറ്റമായ ദ്വീപില്‍ താമര വിരിയിച്ചത്.
12-ാം വാര്‍ഡിലെ ശക്തമായ മത്സരത്തില്‍ കരുത്തന്മാരായ എതിര് സ്ഥാനാര്‍ത്ഥികള്‍ തകര്‍ന്നു വീണത് ഇരു മുന്നണികള്‍ക്കും കനത്ത ആഘാതമായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ കെ.എം. സുകുമാരനും, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും നിലവില്‍ പഞ്ചായത്തംഗവും മുന്‍ പ്രസിഡന്റുമായ കെ.പി. സദാനന്ദനും കനത്ത തോല്വിയാണിവിടെ നേരിടേണ്ടി വന്നത്.
ഏറ്റവുമധികം ഭൂരിപക്ഷം നേടിയാണ് പെരുമ്പളം പഞ്ചായത്തില്‍ സമത്വമുന്നണി ചരിത്രത്തിലിടം പിടിച്ചത്. എല്‍ഡിഎഫ് എണ്‍പത്തിയെട്ടും, യുഡിഎഫ് എഴുപത്തിയേഴും വോട്ടുകള്‍ നേടിയപ്പോള്‍ ജയകുമാര്‍ സ്വന്തമാക്കിയത് 332 വോട്ടുകളാണ്.
നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി അനൂപിന്റെ വിജയവും സമത്വ മുന്നണിക്ക് കരുത്തായി. ആകെ പതിമൂന്ന് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മല്സരിച്ചയിടങ്ങളിലെല്ലാം ശക്തമായ മല്‍സരം കാഴ്ചവെക്കുവാന് സഖ്യത്തിന് കഴിഞ്ഞു. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച എല്‍ഡിഎഫിന്റെ കയ്യില്‍ നിന്ന് യുഡിഎഫ് ഭരണം പിടിച്ചെടുത്തു.
യുഡിഎഫ്- ഏഴ്, എല്‍ഡിഎഫ്- നാല്, സമത്വമുന്നണി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: