നിത്യനൂതനമായി പരിണാമവിധേയമായിരിക്കുന്ന പ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്ത ജീവരാശികളുണ്ടെന്ന താണല്ലോ പരമാര്‍ത്ഥം. ഇവയെല്ലാം കാലശക്തിക്കധീനമായി പ്രകൃതിയോടിണങ്ങി ജനിച്ചുജീവിച്ച് തിരോധാനം ചെയ്യുന്നു. എന്നാല്‍ ജീവരാശിയില്‍ പ്രധാനിയായ മനുഷ്യന്‍മാത്രം പ്രകൃതിയെ വെല്ലുവിളിച്ച് കീഴടക്കാന്‍ തുനിയുന്നു. പ്രപഞ്ചാധിപത്യത്തിന്നായി വെമ്പല്‍കൊള്ളുന്നു. കാലമാകു ന്ന മഹാമാന്ത്രികന്റെ കൈയിലെ പാവയാണ് താനെന്നറിയാതെ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്.
പ്രകൃതിയെ കീഴടക്കാനുള്ള ഉത്ക്കടവാഞ്ചയില് എല്ലാം തന്നെ കീഴ്മേല്മറിക്കുകയാണ്. അറിവും വിവേകവും വഴിമാറിപ്പോവുകയാല് സകല ജീവ ജാലങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയേര്പ്പിട്ടി രിക്കുന്നു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള മനുഷ്യന് ഭൂമിയെ നരകതുല്യമാക്കി മാറ്റികൊണ്ടിരിക്കുന്നു. ഇത് അനിവാര്യമായ പ്രകൃതിനിയമമാണെന്നു കരുതി സമാധാനിയ്ക്കാമോ? മനുഷ്യന്റെ ജീവിതരീതിക്ക് മാത്രമാണ് നിയന്ത്രണങ്ങളും പരിമിതികളും നിശ്ചയിച്ചിട്ടുള്ളത്. കാരണം അവന് മാത്രമാണ് പ്രകൃതിയെ ധിക്കരിച്ച് ജീവിക്കാനാഗ്രഹിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും.
അത് നിത്യനാശത്തിലേക്കുള്ള പ്രയാണമാണെന്ന് അറിവുള്ളവര്‍ ഗുണദോഷി ച്ചാലും അതിനെ ഉള്‍ക്കൊള്ളാതെ, വിവേകമില്ലാതെ സ്വേച്ഛാചരനായി തകര്‍ന്ന് തരിപ്പണമായിപ്പോകുന്നു. താന്‍ മാത്രമല്ല, താന്മൂലം മറ്റുള്ളവരെയും നാശഗര്ത്തത്തി ലാഴ്ത്തുന്നു. അത്യാഗ്രഹങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും മനുഷ്യനെക്കൊണ്ട് എന്തെല്ലാം ചെയ്യുപ്പിക്കുന്നില്ല? കലികാലവൈഭവവമെന്നുപറയുന്നത് ഇതുതന്നെയാണോ? കലികാലമെന്നുണ്ടൊ? ഉണ്ട് എന്ന് നമ്മുടെ പൂര്വ്വികന്മാര് നമ്മോടു പറയുന്നു.
കാലമെന്ന മഹാത്ഭുതത്തെ നമ്മുടെ പൂര്വ്വികന്മാര് ആദ്യന്തമില്ലാത്ത ചാക്രികവലയത്തിനുള്ളിലൊതുക്കാന് പരിശ്രമിച്ചതിന്റെ ഫലമായി നമുക്കുലഭിച്ചത് പരമാണുസമയം മുതല്‍ ദ്വിപരാര്‍ദ്ധം, ബ്രഹ്മപ്രളയംവരെ വ്യാപ്തമായ സമയവ്യവസ്ഥിതികളാണ്. കാലത്താല്‍ ബാധിക്കപ്പെടാത്തതായി യാതൊന്നുംതന്നെ ഭൂമുഖത്തില്ലയെന്നതിനാല് കാലസ്വരൂപിനെന്ന് ജഗത് സ്രഷ്ടാവിനെ വിശേഷിപ്പിക്കുകയും ചെയ്തു. കര്‍മ്മങ്ങളെയും ഈശ്വരോന്മുഖമായി ചെയ്യുകയെന്ന പൗരാണിക കാഴ്ചപ്പാടിനനുസൃതമായി കാലഗണനയും ഈശ്വരാധിഷ്ഠിതമാക്കിയിരിക്കുന്നു. ബ്രഹ്മാവ്, ദേവേന്ദ്രന്, ദേവഗണങ്ങള്‍, മനു, പ്രജാപതി എന്നുള്ളതെല്ലാം ഇതിന്റെ വകഭേദങ്ങള്‍ തന്നെയെന്ന് പറയാം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: